തിരുവനന്തപുരം: കെഎസ്ഇബി യിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ബോർഡിന്റെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി.
കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചെയർമാൻ ബി അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമരക്കാരുമായി ചർച്ച നടത്തേണ്ടത് ബോർഡാണ്. അതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും തുടരുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
സമരത്തില്‍ മന്ത്രിയോ മുന്നണിയോടെ ഇടപെടില്ലെന്നും ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
ബോർഡ് ചർച്ച ചെയ്ത് പരിഹാരം കാണും. മന്ത്രിതല ചർച്ചയുടെ ആവശ്യമില്ല. ബോർഡ് തലത്തിലുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടേണ്ടതുള്ളൂ. ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

















