കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. രാമൻപിള്ള അസോസിയേറ്റ്സിനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. ഹാക്കർ സായ് ശങ്കറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ലാപ്ടോപ്പ് അടക്കമുള്ള അഞ്ച് ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
അഡ്വ ഫിലിപ് ടി.വർഗീസ്, അഡ്വ സുജേഷ് മേനോൻ എന്നിവർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണിലെ സുപ്രധാന തെളിവ് രേഖകൾ നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവർ പറഞ്ഞിട്ടാണ് ദിലീപിന്‍റെ ഫോണിലെ ചിത്രങ്ങളും രേഖകളും മായിച്ചതെന്നാണ് അറസ്റ്റിലായ സൈബർ ഹാക്കർ സായി ശങ്കർ മൊഴി നൽകിയിരിക്കുന്നത്.
കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗൺസിലും നോട്ടീസ് നൽകിയിട്ടുണ്ട്. അതിജീവിത നൽകിയ പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

















