ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സിനിമ സംവിധാന രംഗത്തേക്കിറങ്ങുന്നതായി റിപ്പോർട്ട്. റെഡ് ചില്ലീസ് എന്റർടെയ്‍ൻമെന്റിന് വേണ്ടി വെബ് സിരീസും ഫീച്ചർ സിനിമയും ആര്യൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ തന്റെ വെബ്‍ സിരീസിന്റെ പരീക്ഷണ ചിത്രീകരണം ആര്യൻ ഖാൻ നടത്തിയെന്നും റിപ്പോർട്ടുണ്ട്. ഷൂട്ടിങ് തിയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.
നടൻ പ്രീത് കമാനിയെയും സെറ്റിൽ കണ്ടതായി റിപ്പോർട്ടുണ്ട്. ആര്യൻ ഖാന്റെ സംവിധാനത്തിൽ പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് നിലവിൽ കിട്ടിയ വിവരം. താര പുത്രൻ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. മയക്കുമരുന്ന് കടത്ത് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തതോടെ വാർത്തകളിൽ നിറ സാന്നിധ്യമാവുകയായിരുന്നു. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. 2021 ഒക്ടോബർ 29ന് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
ആര്യൻ ഖാനെ കൂടാതെ സുഹാന ഖാനും സിനിമ രംഗത്തേക്ക് ചുവടുവെക്കുന്നതായി റിപ്പോർട്ടുണ്ട്. ആർച്ചി കോമിക്സിനെ അടിസ്ഥാനമാക്കി സോയ അക്തർ സംവിധാനം ചെയ്യുന്ന വെബ് സീരീസിലൂടെയാണ് അവർ അരങ്ങേറ്റം കുറിക്കുന്നത്. ദീപിക പദുക്കോണും ജോൺ അബ്രഹാമും ഒരുമിച്ച് അഭിനയിക്കുന്ന സിദ്ധാർത്ഥ് ആനന്ദിന്റെ പഠാൻ ആണ് ഷാരൂഖ് ഖാൻറെ അടുത്ത സിനിമ.
















