കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. ബുധനാഴ്ച വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ ആവശ്യമാണ് ക്രൈംബ്രാഞ്ച് തള്ളിയത്.
കേസിലെ സാക്ഷി എന്ന നിലയ്ക്കാണ് കാവ്യയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. മറ്റ് സ്ഥലത്തെത്താൻ ബുദ്ധിമുട്ടുണ്ട്, സാക്ഷിയായതിനാൽ ഉചിതമായ സ്ഥലം തനിക്ക് തിരഞ്ഞെടുക്കാമെന്ന് കാവ്യ മറുപടി നൽകി.
തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ ദിലീപിന്റെ അഭിഭാഷകരായ ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിന്റെയും സുരാജിന്റെയും ഫോണുകളില്‍ നിന്നു ലഭിച്ച ശബ്ദരേഖകള്‍ ആസൂത്രിതമാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
പുറത്തുവന്ന ശബ്ദരേഖകളിലുളളത് ദിലീപിന്‍റെ ശബ്ദ തന്നെയാണെന്ന് മഞ്ജു വാരിയർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ തന്‍റെ ശബ്ദമല്ലെന്നും ആരോ അനുകരിച്ചതെന്നുമായിരുന്നു ചോദ്യം ചെയ്യലിൽ ദിലീപ് ആവർത്തിച്ചിരുന്നത്. ദിലീപിന്‍റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദവും മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ദിലീപുൾപ്പെട്ട വധ ഗൂഡാലോചനാക്കേസിൽ അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നാളെ നോട്ടീസ് നൽകും. ദിലീപിന്‍റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ഇടപെട്ടെന്നാണ് ആരോപണം.

















