അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പത്മയിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. കനൽക്കാറ്റിൽ എന്നാരംഭിക്കുന്ന ഗാനത്തിൻറെ വീഡിയോയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. അനൂപ് മേനോൻറെ തന്നെ വരികൾക്ക് നിനോയ് വർഗീസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ തന്നെ നിർമിക്കുന്ന ചിത്രത്തിൽ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്‍മിയാണ് നായിക.
ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാൻസ് ഉൾപ്പെടുത്തിയ ടീസർ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്. മഹാദേവൻ തമ്പി ഛായാഗ്രഹണവും സിയാൻ എഡിറ്റിംഗും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ ബാദുഷ, കലാസംവിധാനം ദുൻദു രഞ്ജീവ്, പ്രൊഡക്ഷൻ കൺട്രോളർ അനിൽ ജി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിൻറെ തന്നെ തിരക്കഥയിൽ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറിൽ അംജിത്ത് എസ് കോയ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദർശനത്തിനെത്തിയിട്ടില്ല.
















