വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‍ത ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രമായിരുന്നു ദ് കശ്മീര് ഫയല്‍സ്. ബോളിവുഡില്‍ വലിയ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ദ് കശ്മീര് ഫയല്‍സ് നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സും ഐ ആം ബുദ്ധ പ്രൊഡക്ഷനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നിർമ്മാതാവ് അഭിഷേക് അഗർവാളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
തേജ് നാരായൺ അഗർവാൾ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് അഗർവാൾ, കശ്‍മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് രഞ്ജൻ അഗ്നിഹോത്രി, പല്ലവി ജോഷി എന്നിവർ ചേർന്നാണ്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഈ പ്രോജക്റ്റിന്‍റെ സംവിധായകനും അഭിനേതാക്കളും ആരൊക്കെയെന്ന വിവരം വരും ദിവസങ്ങളില്‍ പുറത്തുവിടും.
അതേസമയം ഈ വര്‍ഷം ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ദ് കശ്മീര് ഫയല്‍സ്. 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

















