കണ്ണൂര്‍: എല്‍.ഡി.എഫിന്റെ കാലത്ത് ഒന്നും നടക്കരുതെന്ന് പ്രതിപക്ഷത്തിന് വാശിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ കാലത്ത് അതിവേഗ ട്രെയിന്‍ ആവാം. എന്നാല്‍ എല്‍.ഡി.എഫ് ചെയ്യുമ്പോള്‍ പാടില്ല. ഒരു പദ്ധതി വരുമ്പോള്‍ അത് നാടിന് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. നാടിന്റെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. അല്ലാതെ അതിനെ തടയാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ.റെയിലിന് കേന്ദ്ര അനുമതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ.റെയിലിന് ഒപ്പമാണ്. പ്രശ്‌നങ്ങള്‍ പ്രശ്‌നമായി ഉന്നയിക്കുന്നതിന് പകരം അന്ധമായി എതിര്‍ക്കുകയല്ല വേണ്ടത്. ചില മാധ്യമങ്ങളും അതിന് ഒപ്പംചേരുകയാണ്. വികസത്തിന് എതിരുനില്‍ക്കുന്നവരെ തുറന്ന് കാട്ടുന്നതിന് പകരം, അവര്‍ക്കുവേണ്ടി വാദിക്കുന്നു. പക്ഷെ ഒന്നും നടക്കുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
പരിസ്ഥിതിയുടെ പ്രശ്‌നമാണ് കെ.റെയില്‍ സംബന്ധിച്ച് പറയുന്നത്. എന്നാല്‍ കെ.റെയില്‍ വരുമ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ തോതില്‍ കുറയുകയാണ് ചെയ്യുന്നത്. എല്ലാം ചര്‍ച്ച ചെയ്യാമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രകടന പത്രികയെന്നത് വെറും വാക്കല്ല, അത് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. എന്ത് വിലകൊടുത്തും അത് നടപ്പിലാക്കുമെന്നും പിണറായി വ്യക്തമാക്കി.
സിപിഐഎമ്മില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ ജോലി. ഇത്തരക്കാരെ വിശ്വസിക്കുന്ന രീതിയില്‍ നിന്ന് ജനങ്ങള്‍ മാറിയെന്നും പിണറായി പറഞ്ഞു.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും കരുത്തുറ്റ സമ്മേളനമാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് പിണറായി വിജയന്‍ പറഞ്ഞു. നാനാ വിഭാഗങ്ങളിലെ ആളുകളടക്കം എല്ലാവരും അര്‍പ്പണബോധ്യത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചു. ഒപ്പം അതിവിപുലമായ ഐക്യവും സമ്മേളനത്തില്‍ പ്രകടമായി. അതിനിടയിലും എല്ലാക്കാലത്തും എല്‍ഡിഎഫ് വിരുദ്ധ റോള്‍ വഹിക്കണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും പിണറായി കുറ്റപ്പെടുത്തി.
‘എന്തോ വ്യത്യസ്ത ചേരികളുണ്ട്, കേരള ലൈന്‍ ഉണ്ട് എന്നൊക്കെയാണ് സിപിഐഎമ്മിനെതിരായി ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. സിപിഐഎമ്മിനകത്ത് ഇല്ലാത്തത് ഉണ്ടെന്ന പ്രചാരണമാണ് നടക്കുന്നത്. അതെല്ലാം ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. സര്‍ക്കാരിന്റ വികസന പ്രവര്‍ത്തനങ്ങള്‍ എന്തോ തെറ്റായ കാര്യമെന്നാണ് വ്യാഖ്യാനങ്ങള്‍ നടക്കുന്നത്. കേരളം മുന്നോട്ടുപോകാന്‍ പാടില്ലെന്നാണ് ഇവരുടെ ശാഠ്യം. അല്ലെങ്കില്‍ എല്‍ഡിഎഫിന്റെ കാലത്ത് മുന്നോട്ടുപോകാനാകില്ല എന്നാണ് രീതി’. പിണറായി വിജയന്‍ പറഞ്ഞു.

















