തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരായ നടപടി അച്ചടക്ക സമിതിക്ക് വിട്ട് എഐസിസി. കെ സി വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
നാളെ ചേരുന്ന അച്ചടക്ക സമിതിയിൽ തോമസിനെതിരെ നടപടി വേണമെന്ന കെപിസിസി ശുപാർശ ചർച്ച ചെയ്യുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപെടുത്തിയോ എന്ന ചോദ്യത്തിന് താൻ ഉത്തരം പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിണറായി വിജയനുമായി കെ വി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞു. പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഒരു ചുക്കും സംഭവിക്കില്ല തോമസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാവുമെന്ന് പിണറായി പറയുമ്പോള്‍ എന്താണ് അദ്ദേഹത്തിന്‍റെ ഉദ്ദേശമെന്ന് എല്ലാവര്‍ക്കും മനസിലാകും. കെ വി തോമസ് എഐസിസി മെമ്പറാണ്. എഐസിസി മെമ്പറെ പുറത്താക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് പിസിസിയുടെ ശുപാര്‍ശ എഐസിസി പ്രസിഡന്‍റിന് കിട്ടിയിട്ടുണ്ട്. ശുപാര്‍ശ അച്ചടക്ക സമിതിക്ക് അയച്ചിട്ടുണ്ട്, വേണുഗോപാൽ പറഞ്ഞു.

















