കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്ബിള്‍ മഞ്ജു തിരിച്ചറിഞ്ഞതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ദിലീപിന്റേതെന്ന് സംശയിക്കുന്ന പുതിയ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാടുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണിതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സംവിധായകന് ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്തതാണിത്.
നടിയെ ആക്രമിച്ചതില്‍ ദിലീപിന് പങ്കില്ലെന്നും ഭാര്യ കാവ്യ മാധവന്റെ ഇടപെടലാണ് പിന്നിലെന്നും സൂചിപ്പിക്കുന്ന ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് കാവ്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
‘ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള് രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. ദിലീപിന്റെ ബാല്യകാല സുഹൃത്തുക്കളടക്കം പത്തുപേര്‍ ഈ ശബ്ദം തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇത് വ്യാജ ശബ്ദരേഖയെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.

















