പെന്‍ഷന്‍ തുക കുറഞ്ഞുപോയെന്ന ആരോപണവുമായി വൃദ്ധയുടെ പ്രതിഷേധം എന്ന രീതിയില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഒരു വയോധികയാണ് ചിത്രത്തിലുള്ളത്. ‘ഞങ്ങള്‍ക്ക് 1500/ ഉലുവ പെന്‍ഷന്‍ തരുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പെന്‍ഷന്‍ എത്രയാണെന്ന് നാട്ടുകാരോട് ഒന്നു പറയാമോ മഹാന്മാരേ’ എന്നാണ് സ്ത്രീയുടെ കയ്യിലുള്ള പ്ലക്കാര്‍ഡില്‍ കാണാനാകുന്നത്. ‘ചോദ്യം ന്യായമാണ്.. മറുപടി ഉണ്ടെങ്കില്‍ പറയ്…’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
പ്രചരിക്കുന്ന ചിത്രത്തിലെ പ്ലക്കാര്‍ഡില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് അക്ഷരങ്ങള്‍ മാറ്റി എഴുതിയിരിക്കുകയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാനാകും. അക്ഷരങ്ങളുള്ള ഭാഗവും വൃദ്ധയുടെ കൈകള്‍ പിടിച്ചിരിക്കുന്ന ഭാഗവും തമ്മില്‍ പരിശോധിച്ചാല്‍ നിറവെത്യാസം മനസിലാക്കാനാകും. തുടര്‍ന്ന് ഈ ചിത്രം ഗൂഗിളിൽ പരിശോധിച്ചപ്പോള്‍ ഇതേ ചിത്രം മുന്‍പും പ്രചരിച്ചിരുന്നതായി കാണാനായി. എല്‍ഡിഎഫ് ഇതര ഫേസ്ബുക്ക് പേജുകളിലാണ് ഈ ചിത്രം കാണാനായത്. ചില പോസ്റ്റുകളില്‍ ഇത് എഡിറ്റ് ചെയ്തതാണ് എന്നാരോപിച്ച് മറ്റൊരു ചിത്രം മറുപടിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ യഥാര്‍ഥ ചിത്രം ചില ഫേസ്ബുക്ക് പേജുകളില്‍ കാണാനായി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലാണ് ഇത് വ്യാപകമായി പ്രചരിച്ചത്.
‘600 രൂപയില്‍ നിന്ന് 1400 രൂപയായി പെന്‍ഷന്‍ വര്‍ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിനാണ് എന്റെ വോട്ട് ‘ എന്നാണ് ഈ പ്ലക്കാര്‍ഡില്‍ കാണാനാകുന്നത്. മറ്റ് ഇമേജുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ക്രിതൃമത്വം തോന്നുന്നില്ല. നിരവധി പ്രൊഫൈലുകളില്‍ ഇത് കണ്ടെത്താനായി. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന ചിത്രത്തിലെ പ്ലക്കാര്‍ഡിലുള്ള വാക്കുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് ഇതോടെ വ്യക്തമാണ്.