നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 2.418 കിലോ സ്വർണമാണ് കഴിഞ്ഞ ദിവസം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് ഇവിടെനിന്ന് പിടികൂടിയത്.
വടകര സ്വദേശി അഷ്കർ, വെളിയം പൂയപ്പിള്ളി സ്വദേശി ശ്യാം കൃഷ്ണൻ എന്നിവരുടെ പക്കൽനിന്നാണ് ഒന്നരക്കോടി രൂപ വിലവരുന്ന സ്വർണം കണ്ടെടുത്തത്. അബുദാബിയിൽനിന്നും എയർ അറേബ്യ വിമാനത്തിലെത്തിയ അഷ്കറിന്റെ പക്കൽനിന്ന് 1 .292 കിലോ സ്വർണവും, ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ശ്യാം കൃഷ്ണന്റെ പക്കൽനിന്ന് 1.126 കിലോ സ്വർണവുമാണ് പിടികൂടിയത്.
പ്രത്യേകം കവറുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ മിശ്രിതമായാണ് ഇരുവരും സ്വർണം കൊണ്ടുവന്നത്. ഇവർ സ്വർണക്കള്ളക്കടത്ത് സംഘത്തിന്റെ വാഹകരാണെന്ന് അധികൃതർ അറിയിച്ചു.