കണ്ണൂർ: താൻ കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നു എന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കത്തിനെ ഭയക്കുന്നില്ലെന്നും കെ വി തോമസ്. കോൺഗ്രസിൻ്റ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് എന്നും കെ വി തോമസ് പ്രതികരിച്ചു.
വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ വി തോമസിന്‍റെ പ്രതികരണം.
സമാനവേദികൾ വന്നാൽ ഇനിയും പങ്കെടുക്കും. കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എ.കെ.ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു എന്നും കെ വി തോമസ് പറഞ്ഞു.
കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നും അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കെ സുധാകരൻ അയച്ച കത്തില്‍ പറയുന്നു.

















