കണ്ണൂര്‍: വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് . മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും കോൺഗ്രസിനെ തിരുത്തിയുമായിരുന്നു കെ വി തോമസിന്‍റെ പ്രസംഗം. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെ വി തോമസ് പ്രസംഗം ആരംഭിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണ്. താനിപ്പോഴും കോൺഗ്രസുകാരനാണ്. സെമിനാറിൽ പങ്കെടുത്തതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത നടപടി കോൺഗ്രസിന് കരുത്തായി. അത് തന്റെ സഹപ്രവർത്തകർക്കും മനസിലാകുമെന്ന് അദ്ദേഹം വേദിയിൽ പ്രസംഗിച്ചു. ഇന്ന് ഈ ചർച്ചയിൽ പങ്കെടുത്തത് ശരിയായി എന്ന് സദസിനെ കാണുമ്പോൾ തോന്നുവെന്ന് കെ.വി തോമസ് വ്യക്തമാക്കി. പ്രസംഗത്തിനിടെ സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്ക് കെ.വി തോമസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
കുമ്പളങ്ങി എന്ന ഇന്ത്യയിലെ മോഡൽ ഗ്രാമത്തിലെ കോൺഗ്രസ് കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വികസന എതിർപ്പിനെതിരായ പരിപാടികളിൽ പങ്കെടുക്കണമെന്ന് കെവി തോമസ് കോൺഗ്രസ് പ്രവർത്തകരോടായി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും കെ വി തോമസ് സംസാരിച്ചു. പിണറായി കേരളത്തിന്‍റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതില്‍ തനിക്ക് അനുഭവമുണ്ട്. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ കൊണ്ടാണ്. കൊവിഡിനെ ഏറ്റവും നന്നായി നേരിട്ടത് കേരളമാണ്. കൊവിഡിലെ കേന്ദ്രസമീപനം നമ്മള്‍ കണ്ടതാണെന്നും കെ വി തോമസ് പറഞ്ഞു.
കെ റെയിലിനെ അനുകൂലിച്ചും കെ വി തോമസ് സംസാരിച്ചു. സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടത്. പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു. കേന്ദ്രം ഗവര്‍ണര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെയും ബിജെപി ഉപയോഗിക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിക്കണം. ഇല്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതെയാകുമെന്നും കെ വി തോമസ് പറഞ്ഞു.

















