കെ-റെയില്‍ വരുമോ ഇല്ലയോ എന്നതാണ് കേരളം ഇപ്പോള്‍ ഏറ്റവും കൂടുതൽ ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയില്‍ ഏതു വിധേനയും നടപ്പാക്കാന്‍ എൽ ഡി എഫ് സർക്കാർ ശ്രമിക്കുമ്പോള്‍ യുഡിഎഫും ബിജെപിയും പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാക്കുകയാണ്. അതിവേഗ റെയില്‍പ്പാത പദ്ധതി മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പാതിവഴിയില്‍ അത് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കെ-റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിൽ ഒരു വ്യാജ വാർത്തയെ കുറിച്ചാണ് ഇന്ന് നമ്മൾ നോക്കുന്നത്.
‘ഇതിന്റെ നഷ്ടപരിഹാരം ഭൂമി കൈമാറിയതിന് ശേഷം 60 ശതമാനവും ബാക്കി 40 ശതമാനം പദ്ധതി പൂര്‍ത്തിയായി ലാഭം ലഭിക്കുകയാണെങ്കില്‍ 40 ശതമാനം 30 വര്‍ഷത്തിനുശേഷം ആണ് ലഭിക്കുക ഈ കാര്യം വളരെ വ്യക്തമായി അതിന്റെ ഡിപി ആറില്‍ പറയുന്നുണ്ട് അതും ഈ പദ്ധതി ലാഭത്തില്‍ ആണെങ്കില്‍ മാത്രം ??. കേരളത്തിലെ ഏതെങ്കിലും ഒരു പദ്ധതി ലാഭത്തില്‍ ആണോ?. ‘ എന്നുള്ള ഒരു പോസ്റ്റ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പദ്ധതി ലാഭത്തിലായെങ്കില്‍ മാത്രമെ നഷ്ടപരിഹാരം നല്‍കൂ എന്ന വ്യവസ്ഥയിലല്ല സ്ഥലം ഏറ്റെടുക്കുന്നത്.
കെ-റെയില്‍ പദ്ധതി ഇപ്പോൾ ആദ്യഘട്ടമായ സര്‍വ്വേ നടപടികളിലാണ്. പ്രചരിക്കുന്ന പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ കെ-റെയിലിനായി സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള മാനദണ്ഡം എങ്ങനെയാണെന്ന് അറിയുന്നതിന് പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോദിച്ചു. കെ-റെയില്‍ ഡീറ്റെയ്ല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടില്‍ (DPR) സ്ഥലമേറ്റെടുപ്പിനെക്കുറിച്ചും നഷ്ടപരിഹാരം നല്‍കുന്ന രീതിയെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ഡിപിആറിന്റെ 9.4 ചാപ്റ്റര്‍ മുതല്‍ 9.4.4 ചാപ്റ്റര്‍ വരെയുള്ള ഭാഗത്താണ് ഭൂമിയേറ്റെടുക്കലിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. പദ്ധതിയുടെ ലാഭനഷ്ടങ്ങള്‍ ഭൂമിയേറ്റെടുക്കലിനെ ബാധിക്കുമെന്ന് ഡിപിആറില്‍ എവിടെയും വ്യക്തമാക്കുന്നില്ല. ഡിപിആര്‍ പ്രകാരം ‘ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശം, ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം എന്നിവയിലുള്ള സുതാര്യത പുനരധിവാസ നിയമം, 2013’ (The Right to Fair compensation and Transparency in Land Acquisition, Rehabilitation and Resettlement Act,2013) അനുസരിച്ചാണ് ഭൂമിയേറ്റെടുക്കല്‍ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2013ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം 2014 ജനുവരി ഒന്നുമുതലാണ് പ്രാവര്‍ത്തികമായിട്ടുള്ളത്. ഈ നിയമപ്രകാരം പൊതു ആവശ്യങ്ങള്‍ക്ക് ഭൂമിയേറ്റെടുത്താല്‍ ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. വിപണി വിലയുടെ രണ്ടിരട്ടിയോ നാലിരട്ടിയോ പ്രദേശത്തിനനുസരിച്ച് വില നിശ്ചയിച്ച് പ്രദേശിക സര്‍ക്കാരുകളും ജില്ലാ ഭരണകൂടവുമാണ് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍, ഏറ്റെടുക്കുന്ന പദ്ധതി ലാഭകരമാണെങ്കില്‍ മാത്രമെ നഷ്ടപരിഹാരം നല്‍കാവൂ എന്ന് ആക്ടില്‍ പറയുന്നില്ല. മാത്രമല്ല കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്‍കി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാന്‍ അതത് സ്റ്റേറ്റുകള്‍ക്ക് അവകാശമുണ്ട്. നിയമത്തില്‍ ഭൂമി നഷ്ടപ്പെടുന്ന പൗരന്മാര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇതോടെ കെ-റെയില്‍ ലാഭത്തിലായെങ്കില്‍ മാത്രമെ നഷ്ടപരിഹാരം നല്‍കൂ എന്നും തുക മുഴുവന്‍ ലഭ്യമാക്കാന്‍ 30 വര്‍ഷത്തിലേറെ സമയം എടുക്കുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാണ്.