ഓസ്കർ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ വിൽ സ്മിത്തിന് വിലക്ക്. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്ഏർപ്പെടുത്തിയിരിക്കുന്നത്. ഓസ്കർ വേദിയിൽ അവതാരകൻ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് അക്കാദമി സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവരടക്കമുള്ള ബോര്‍ഡംഗങ്ങള്‍ പങ്കെടുത്ത അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് സ്മിത്തിനെതിരേ നടപടി എടുക്കാൻ തീരുമാനിച്ചത്. അതേസമയം, അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി സ്മിത്ത് അറിയിച്ചു.
ഭാര്യ ജാദ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസ് റോക്കിന്റെ പരാമര്‍ശമായിരുന്നു ഓസ്കര്‍ വേദിയില്‍ വച്ച് സ്മിത്തിനെ പ്രകോപിപ്പിച്ചത്. ജാദയുടെ ഹെയര്‍സ്റ്റൈല്‍ നോക്കി ‘ജി ഐ ജെയിന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ക്രിസ് പറഞ്ഞത്.
ഓസ്കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ അടിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് വില്‍ സ്മിത്ത് രാജിവച്ചിരുന്നു. സ്മിത്തിനെതിരായ അച്ചടക്ക നടപടികളിലേക്ക് അക്കാദമിയുടെ ഉന്നതാധികാരികള്‍ കടന്നതിന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം.