തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ സംഭവത്തിൽ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുമ്പ സ്വദേശി ലിയോൺ ജോൺസൺ, കുളത്തൂർ സ്വദേശി അഖിൽ, വലിയവേളി സ്വദേശി രാഹുൽ പിന്റോ വെട്ടുകാട് ബാലനഗർ സ്വദേശി ജോഷി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
മേനംകുളത്ത് ഏപ്രിൽ ഏഴിന് രാത്രി ഏഴരക്കാണ് യുവാവിനു നേരെ ബോംബേറുണ്ടായത്. ആക്രമണത്തിൽ തുമ്പ പുതുവൽ പുരയിടത്തിൽ രാജൻ ക്ലീറ്റസിന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ക്ലീറ്റസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ക്ലീറ്റസിന് ഒപ്പമുണ്ടായിരുന്ന സുനിലിനെയാണ് അക്രമികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് സംശയിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്.