കൊച്ചി: നടന് ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് ജാമ്യം. ആലുവ കോടതിയാണ് ജാമ്യം അനുവദിച്ചത്. ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞിട്ടാണ് രേഖകൾ നീക്കിയതെന്ന് സായ് മൊഴി നൽകിയിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയവേ കഴിഞ്ഞ ദിവസമാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതിനായിരുന്നു അറസ്റ്റ്.
സായ് ശങ്കര്‍, ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസിൽ നിർണായകമെന്ന് കരുതുന്ന ദിലീപിന്റെയും കൂട്ടു പ്രതികളുടേയും ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ച പശ്ചാത്തലത്തിൽ ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു. കേസിൽ സായ് ശങ്കറിനെ ഭാവിയിൽ പ്രോസിക്യൂഷൻ സാക്ഷിയാക്കി കൊണ്ടുവരാനാണ് നീക്കം.
ദിലീപിന്റെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് നോട്ടീസ് നൽകി. ആലുവ പൊലീസ് ക്ലബിലെത്താനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിർണായക മൊഴികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിൻറെ ഫോണിൽ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിൻറെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം കാവ്യക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാട്ടിൽ ഇല്ലാത്തതിനാൽ സാവകാശം വേണമെന്ന മറുപടിയാണ് കാവ്യ നൽകിയത്. നടിയെ ആക്രമിച്ച കേസിൻറെ അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്ന് കാവ്യ മറുപടി നൽകിയിരുന്നു. അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
നടിയെ അക്രമിച്ച കേസിൽ പുതിയ മൂന്ന് ഫോൺ സംഭാഷണങ്ങൾ കൂടി പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും സുഹൃത്ത് ശരത്തുമായുള്ള സംഭാഷണം, ആലുവയിലെ ഡോക്ടറും സുരാജും തമ്മിലുള്ള സംഭാഷണം, അഡ്വ. സുജേഷ് മേനോനും ദിലീപും നടത്തിയ സംഭാഷണം എന്നിവയാണ് കോടതിക്ക് കൈമാറിയത്. ഇവ കേസിൽ നിർണായക തെളിവാണെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു.