സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക വയലാറില്‍ നിന്നാണ് കണ്ണൂരിലേക്ക് ആണ് എത്തിച്ചത്. പതാകയും വഹിച്ച് വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള ജാഥ നയിച്ചത് മുന്‍ എംഎല്‍എ എം.സ്വരാജാണ്. എന്നാൽ എം.സ്വരാജിന്റെ യാത്ര എസി കാറിലായിരുന്നുവെന്നും സാധാരണക്കാരായ പ്രവര്‍ത്തകര്‍ വെയിലത്ത് ഓടിയാണ് എത്തിയതെന്നുമുള്ള പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ജാഥാ ക്യാപ്റ്റന്‍ എ. സി കാറില്‍ അന്തം അണികള്‍ പൊരി വെയിലില്‍’ എന്നുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റർ പ്രചരിച്ചത്. എന്നാല്‍ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പതാക ജാഥയില്‍ ആദ്യന്തം നടന്നെത്തുന്നത് ഒരേ പ്രവര്‍ത്തകരല്ല.
പോസ്റ്റില്‍ എം.സ്വരാജ് വാഹനത്തിലിരിക്കുന്ന ചിത്രവും പതാകയുമായി അത്‌ലെറ്റുകള്‍ ഓടുന്ന ചിത്രവും ചേര്‍ത്ത് വച്ചാണ് പ്രചാരണം നടക്കുന്നത്. വയലാറിലെ രക്തസാക്ഷി സ്മൃതിയില്‍ നിന്ന് കണ്ണൂരിലേക്ക് ഏകദേശം 300 കിലോമീറ്ററിനടുത്ത് ദൂരമുണ്ട്. ഈ ദൂരമത്രയും ജാഥയില്‍ പങ്കെടുക്കുന്ന അണികള്‍ ഇത്തരത്തില്‍ ഓടിയാണ് എത്തുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. സിപിഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ പതാക ജാഥയുമായി എം.സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം കടന്നു വരുന്ന വിവിധ ദൃശ്യങ്ങള്‍ കാണാനായി. ജില്ലാ കേന്ദ്രങ്ങള്‍, നഗര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ സ്വീകരണം ഏറ്റുവാങ്ങിയാണ് സംഘം കടന്നുവരുന്നത്. എം.സ്വരാജ് വാഹനത്തില്‍ യാത്രയെ അനുഗമിക്കുന്ന ചിത്രങ്ങളും വീഡിയോകളും സൈറ്റിൽ നിന്നും ലഭിച്ചു. ഇതില്‍ പ്രവര്‍ത്തകര്‍ ഓരോ സ്ഥലത്ത് നിന്നും പതാക കൈമാറി യാത്രയ്‌ക്കൊപ്പം സഞ്ചരിക്കുന്നത് മനസ്സിലാക്കാനാകും. പതാകയേന്തിയ പാര്‍ട്ടി പ്രവര്‍ത്തകരും, ഇരുചക്ര വാഹനത്തിലും കാല്‍നടയായിട്ടും യാത്രയെ അനുഗമിക്കുന്ന പ്രവര്‍ത്തകരെയും കണ്ടെത്താനായി. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ പ്രവര്‍ത്തകരാണ് യാത്രയ്‌ക്കൊപ്പം ഉള്ളത്.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FCPIMKerala%2Fvideos%2F1238296650311388%2F&show_text=0&width=560
ഇതൊരു വാഹനജാഥയായിരുന്നു. വയലാറില്‍ നിന്ന് തുടക്കം മുതല്‍ ജാഥയെ അനുഗമിച്ച സംഘം വാഹനത്തിലാണ് യാത്ര ചെയ്തത്. ജാഥ കടന്നു പോകുന്ന പ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ ഒരു നിശ്ചിത ദൂരം അതിനെ അനുഗമിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവര്‍ സ്ഥിരമായി പതാക ജാഥയില്‍ ഉണ്ടായിരുന്നില്ല. പതാക കൈമാറുന്നത് റിലേ രൂപത്തിലാണ്. അതത് പ്രദേശത്ത് അവിടുത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുകയും തങ്ങളുടെ മേഖല കഴിയുമ്പോള്‍ കൈമാറുകയും ചെയ്യുന്നു. പ്രധാന കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണവും സംഘം ഏറ്റുവാങ്ങിയിരുന്നു. അണിയറ പ്രവര്‍ത്തകരിലൊരാൾ പറഞ്ഞാടാനുസരിച്ച്, ജാഥാ ക്യാപ്റ്റന്‍ എം.സ്വരാജ്, മാനേജര്‍ സി.ബി ചന്ദ്രബാബു എന്നിവർ വാഹന യാത്രയായിട്ടാണ് കടന്നുപോയത്. ഈ വാഹനങ്ങള്‍ക്ക് അകമ്പടിയായി പാര്‍ട്ടി പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ അനുഗമിച്ചിരുന്നു. എന്നാല്‍ ഓരോ 300 മീറ്ററിലും പ്രവര്‍ത്തകര്‍ മാറി മാറി റിലേ രൂപത്തിലാണ് കാല്‍നട യാത്ര നടത്തിയത്. അതായത് ജാഥ ആരംഭിച്ച വയലാറില്‍ നിന്ന് തൊട്ടടുത്ത 300 മീറ്റര്‍ വരെ വാഹനത്തെ അനുഗമിച്ചവര്‍ മാറി മറ്റൊരു സംഘം അടുത്ത 300 മീറ്ററിലേക്ക് ജാഥയില്‍ പ്രവേശിക്കും. ഇത്തരത്തില്‍ വിവിധ സംഘങ്ങളായി അതത് ലോക്കല്‍ കമ്മറ്റികള്‍ നിയോഗിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ജാഥയില്‍ കാല്‍നടയായി പങ്കെടുത്തത്. കുമ്പളം വരെയായിരുന്നു ഞങ്ങളുടെ മേഖല. എറണാകുളത്തേയ്ക്ക് കടന്നപ്പോള്‍ സമാനമായി അവിടെയും പ്രവര്‍ത്തകരെ നിയോഗിച്ചിരുന്നു. ഇത്തരത്തില്‍ റിലേ രൂപത്തിലാണ് ജാഥ നടത്തിയത്. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നാണ്. ലഭ്യമായ ഈ വിവരങ്ങളില്‍ നിന്നും എം.സ്വരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പതാക ജാഥയെപ്പറ്റി പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് ഉറപ്പിക്കാം.