തിരുവനന്തപുരം: ബൈക്ക് അഭ്യാസ പ്രകടനവും കഞ്ചാവ് ഉപയോഗവും ചൂണ്ടിക്കാട്ടി സ്കൂള്‍ വിദ്യാര്ഥികള്ക്കെതിരേ പരാതി നല്കിയ യുവാവിന് ക്രൂര മര്‍ദനം. വര്‍ക്കല ചാവടിമുക്ക് സ്വദേശി അനു(32)വിനെയാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അനു തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
മാര്‍ച്ച് 31-ാം തീയതിയായിരുന്നു സംഭവം. വീടിന് സമീപത്തെ സ്കൂളിലെ വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതും ബൈക്ക് അഭ്യാസം നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് അനു അടക്കമുള്ള നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. ആദ്യം സ്കൂളില്‍ പരാതിപ്പെട്ടെങ്കിലും വിദ്യാര്‍ഥികളുടെ ശല്യം രൂക്ഷമായതോടെ അയിരൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അനുവിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
മാര്‍ച്ച് 31-ന് രാത്രി സമീപത്തെ ക്ഷേത്രത്തില്‍നിന്ന് ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാര്‍ഥികള്‍ അനുവിനെ ആക്രമിക്കുകയായിരുന്നു. മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷമാണ് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാവിന്റെ മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലുണ്ട്.
സ്കൂള്‍ വിദ്യാര്ഥികള്ക്കെതിരേ സിസിടിവി ദൃശ്യങ്ങള്‍ സഹിതം അനുവിന്റെ കുടുംബം അയിരൂര്‍ പോലീസിനും വര്‍ക്കല ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
മുൻപ് വീട്ടിലെത്തി വിദ്യാർത്ഥികളിൽ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കുടുംബം വർക്കല ഡി.വൈ.എസ്.പിക്കും അയിരൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ച് വരികയാണ്.