ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേതൃത്വത്തെ വെല്ലുവിളിച്ച കെ.വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ്.
സിപിഐഎം സെമിനാറിലെ വിലക്ക് സംബന്ധിച്ച് കെപിസിസി നിലപാട് തന്നെയാണ് ഹൈക്കമാന്‍ഡിനും ഉള്ളതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസം മുന്‍പ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കെ.വി.തോമസ് കേന്ദ്ര നേതൃത്വത്തോട് ഉന്നയിച്ചിരുന്നു. അപ്പോഴും നല്‍കിയ നിര്‍ദേശം കെപിസിസി മുന്നോട്ട് വച്ച നിലപാട് തുടരണമെന്നതായിരുന്നു. കെപിസിസി വിലക്ക് ലംഘിച്ചുകൊണ്ട് ഈ സെമിനാറില്‍ പങ്കെടുക്കരുതെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി.തോമസ് ഇന്ന് വ്യക്തമാക്കിയതോടെ നടപടിയെക്കാനുള്ള അധികാരം കെപിസിസിക്ക് നല്‍കുകയായിരുന്നു. ഇനി കെ.വി.തോമസ് സെമിനാറില്‍ പങ്കെടുക്കുന്ന വേളയില്‍ തന്നെ കെപിസിസിക്ക് നടപടി സ്വീകരിക്കാം. തുടര്‍ന്ന് ആ നടപടി എഐസിസിയെ അറിയിക്കുകയും നടപടിയില്‍ അംഗീകാരം നല്‍കുകയും മാത്രമായിരിക്കും എഐസിസി ചെയ്യുക. കെപിസിസി തീരുമാനം എന്തു തന്നെയാണെങ്കിലും അത് അംഗീകരിക്കുമെന്നാണ് എഐസിസി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടിവരുമെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. വിലക്ക് ലംഘിച്ച് കെ. വി. തോമസ് സിപിഎം പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. എനന്നാല്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെവി തോമസ് വ്യക്തമാക്കി.
സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. സി.പി.എം സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി തോമസ് ചോദിച്ചു.
സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് കെ വി തോമസ് നടത്തിയത്. സെമിനാറിൽ പങ്കെടുത്താൽ തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. താൻ നൂലിൽ കെട്ടിയിറക്കിയ ആളല്ല. ജൻമം കൊണ്ട് കോൺഗ്രസായി വന്നതാണ്. എഐസിസി അംഗമായ തന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസ്സിനാകില്ലെന്നും കെ വി തോമസ് വെല്ലുവിളിച്ചു. ഉറങ്ങിയപ്പോൾ കിട്ടിയതല്ല തനിക്ക് സ്ഥാനമാനങ്ങൾ. അതിൽ ആർക്കും സംശയം വണ്ടതില്ല. എന്നാൽ തന്നെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. 2018 മുതൽ രാഹുൽ ഗാന്ധി കാണാൻ അനുവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.