തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കാൻ ജനകീയ പങ്കാളിത്തത്തോടെ തെളിനീരൊഴുകും നവകേരളം യാഥാർത്ഥ്യമാക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മാലിന്യ സ്രോതസ്സുകളെ കണ്ടെത്തി ഇല്ലാതാക്കിയും വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലനം ഒരുക്കിയും വാതിൽപടി പാഴ് വസ്തു ശേഖരണം പൂർണമാക്കിയും ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കുക യാണ് ക്യാമ്പയിൻ്റെ ലക്ഷ്യം.തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ജലവിഭവ വകുപ്പ്, ആരോഗ്യ വകുപ്പ്, കില , ക്ലീൻ കേരള കമ്പനി തുടങ്ങിയ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പദ്ധതിയെ ഏകോപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സർക്കാർ ഏജൻസികളെയും വിദ്യാർത്ഥി-യുവജന സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് ജനകീയ വിദ്യാഭ്യാസ പരിപാടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാകും ക്യാമ്പയിൻ നടത്തുക. വാർഡ്തലംവരെയുള്ള സമിതി രൂപവത്കരണം, ജല നടത്തം, ജല സഭ തുടങ്ങിയ കൂട്ടായ്മകൾ നടക്കും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങൾ പരിശോധിച്ച് മലിനമായിട്ടുള്ള ഇടങ്ങൾ കണ്ടെത്തുന്നതിന് ജലാശയങ്ങളുടെ തീരങ്ങളിൽ ജനകീയമായ ജലനടത്തം ഏപ്രിൽ 17 ന് സംഘടിപ്പിക്കും.
നീർച്ചാലുകൾ, തോടുകൾ ,കുളങ്ങൾ, വലിയ ജലാശയങ്ങൾ എന്നിവിടങ്ങളിൽ മലിനീകരണ ഉറവിടങ്ങൾ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി തയ്യാറാക്കിയ പട്ടിക അന്ന് ചേരുന്ന ജനകീയ കൂട്ടായ്മയായ ജലസഭയിൽ ചർച്ച ചെയ്യും മന്ത്രി വ്യക്തമാക്കി. കണ്ടെത്തിയ ഇടങ്ങൾ സംസ്ഥാന വ്യാപകമായ ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ഏപ്രിൽ 23 ന് വൃത്തിയാക്കും. തുടർ പ്രക്രിയായി
മലിനീകരണ ഉറവിടങ്ങൾ മുഖേനയുള്ള മാലിന്യം തള്ളൽ തടയുന്നതിനും അത്തരം ഇടങ്ങളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും കർമപദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും. ശാസ്ത്രീയ മാലിന്യ പരിപാലന പദ്ധതികൾ ആസൂത്രണം ചെയ്ത് സംസ്ഥാന വ്യാപകമാക്കുക എന്നതാണ് സംസ്ഥാന ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി കൂട്ടിചേർത്തു.