തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും പുതുക്കാനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർക്ക് ഓൺലൈനിലൂടെ അപ്ലോഡ് ചെയ്യാൻ സംവിധാനമൊരുക്കി മോട്ടോർ വാഹനവകുപ്പ്. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിൻറെ ‘സാരഥി’ പോർട്ടലിൽ രജിസ്ട്രേഷൻ സൗകര്യമേർപ്പെടുത്തും.
രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സർട്ടിഫിക്കറ്റുകൾ പൂർണമായും ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.