റിയാദ്: സൗദി-ഇന്ത്യ ഗൾഫ് എയർ സർവ്വീസുകളിൽ ബാഗേജിൽ മാറ്റം വരുത്തി. യാത്രക്കാർ തങ്ങളുടെ യാത്രയോടൊപ്പമുള്ള ബാഗേജ് സംവിധാനത്തിലെ പുതിയ നിബന്ധന ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങുന്ന അവസ്ഥയാണിപ്പോൾ.കാർഡ് ബോർഡ് ബോക്സുകൾ അനുവദിക്കില്ലെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്.
ഇതിനകം തന്നെ നിരവധി പേർക്ക് വിമാനത്താവളത്തിൽ വെച്ച് യാത്ര അനുവദിച്ചത് തന്നെ അവസാന ഘട്ടത്തിൽ ബാഗേജ് ബോക്സ് മാറ്റിയതിനു ശേഷമാണ്. കഴിഞ്ഞ ദിവസവും ജിദ്ദയിൽ വെച്ച് ഇക്കാര്യം അറിയാതെയെത്തിയ യാത്രക്കാരൻ എയർപോർട്ടിൽ നിന്ന് തന്നെ വാങ്ങിയ പുതിയ ട്രോളി ബാഗിലേക്ക് സാധനങ്ങൾ മാറ്റിയ ശേഷമാണ് യാത്ര അനുവദിച്ചത്. ഇത് തന്നെ പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം നൽകുകയും വേണം. ഇന്ത്യയിലേക്ക് വീണ്ടും സർവ്വീസുകൾ പുനഃരാരംഭിച്ചതോടെ വീണ്ടും ഗൾഫ് എയർ ട്രാവൽസ് ഏജൻസികൾക്ക് അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾക്ക് ഏതെങ്കിലും വലിപ്പത്തിലോ അളവുകളിലോ ഉള്ള കാർഡ്ബോർഡ് ബോക്സുകൾ സ്വീകരിക്കില്ലെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്. പരമാവധി 158 സെന്റീമീറ്റർ വലിപ്പമുള്ള സാധാരണ സ്യൂട്ട്കേസുകൾ സ്വീകരിക്കും. കാർഡ്ബോർഡ് ബോക്സുകൾ മാത്രമാണ് സ്വീകരിക്കാതിരിക്കുക. ചെക്ക് ഇൻ ബാഗുകൾക്ക് അനുവദനീയമായ അളവുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.