എറണാകുളം: വധഗൂഢാലോചനാ കേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്ക്കെതിരേ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. ഉദ്യോഗസ്ഥര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് സായ് ശങ്കര്‍ ഹൈക്കോടതിയില്‍. കോഴിക്കോട്ടെ സാമ്പത്തികത്തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യങ്ങൾ അറിയിച്ചത്.
തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണ്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് എസ്.പി മോഹനചന്ദ്രൻ പറഞ്ഞതായി സായ് ശങ്കർ ഹൈക്കോടതിയില്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രനെതിരെയാണ് സായ് ശങ്കറിന്റെ ആരോപണം. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് മോഹനചന്ദ്രൻ പറഞ്ഞതായി സായ് ശങ്കർ പറയുന്നു. അതിനിടെ, എസ് പി മോഹനചന്ദ്രന്റെയും സായിയുടെ സുഹൃത്തിന്റെയും ഫോൺ സംഭാഷണം പുറത്ത് വന്നു. എന്താണ് പൊലീസ് പീഡനമെന്ന് കാണിച്ചല്ലെ പറ്റൂ എന്ന് എസ് പി പറയുന്ന സംഭാഷണമാണ് പുറത്ത് വന്നത്. ഹാജരാകാതിരുന്നാൽ കൂടുതൽ കേസുകൾ കണ്ടെത്താനാകുമെന്നും സംഭാഷണത്തിൽ പരാമർശമുണ്ട്. സംഭാഷണങ്ങളടങ്ങിയ പെൻഡ്രൈവ് സായ് ശങ്കർ ഹൈക്കോടതിയിൽ ഹാജരാക്കി.
ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് സായ്ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശി മിൻഹാജാണ് ഇയാള്‍ക്കെതിരെ പരാതി നൽകിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സായ് ശങ്കറെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു.