ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുടെ വധത്തെ കുറിച്ചുള്ള പരാമർശവും നമുക്കറിയാവുന്ന വസ്തുതകൾക്കുമപ്പുറം എന്തെങ്കിലുമുണ്ടോയെന്ന സംശയവുമെല്ലാം കോർത്തിണക്കി ഉദ്വേഗം ജനിപ്പിച്ച്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘സി.ബി.ഐ 5: ദ് ബ്രെയ്ൻ’ ടീസർ എത്തി. രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടി തന്നെയാണ് ടീസറിലെ ആവേശക്കാഴ്ച. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവും ഗംഭീരമാകും എന്ന സൂചനയും ടീസർ നൽകുന്നു.
സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വർഷങ്ങൾക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും സേതുരാമയ്യരെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. ചിത്രം ഏപ്രിൽ അവസാനം തീയേറ്ററുകളിലെത്തും. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കിടപ്പിലായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയുടെ പ്രത്യേകതയാണ്.