മലപ്പുറം വേങ്ങരയിൽ മലബാര്‍ കോളെജിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വൈറലാകുന്നുണ്ട്. പ്രദേശവാസികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് റോഡിയൂടെയുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധമാണ് വീഡിയോയിലുള്ളത്. ക്ലാസ് കഴിഞ്ഞിട്ടും വീട്ടില്‍ പോകാതെ പെണ്‍കുട്ടികളുമായി കറങ്ങി നടന്നത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. എന്നാല്‍ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പെണ്‍കുട്ടികളുമൊത്ത് കറങ്ങി നടന്നവരെ നാട്ടുകാര്‍ പിടികൂടിയപ്പോഴുള്ള പ്രതിഷേധമല്ലിത്.
നാട്ടുകാര്‍ക്കെതിരായാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നതെന്ന് മുദ്രാവാക്യങ്ങളില്‍ നിന്ന് നമുക്ക് വ്യക്തമാണ്. കിളിനാക്കോട് മലബാര്‍ കോളേജില്‍ നിന്നുള്ള ദൃശ്യങ്ങളെന്നാണ് വിവരണത്തില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വേങ്ങര മലബാര്‍ കോളെജില്‍ അടുത്തിടെ ചില സംഘര്‍ഷം നടന്നിരുന്നുവെന്ന് കണ്ടെത്തി. സമരം നടത്തിയ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടു. വിദ്യാര്‍ഥികള്‍ നല്‍കിയ വിവരം അനുസരിച്ച് ഇത് അവര്‍ നടത്തിയ പ്രതിഷേധം തന്നെയാണ്. പക്ഷെ, ഇത് സദാചാര ആക്രമണവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ്.
https://www.youtube.com/watch?v=CFCf45fL8ug
‘ഞങ്ങളുടെ ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളെജില്‍ ഞങ്ങളുടെയെല്ലാം വാഹനങ്ങള്‍ മതില്‍ക്കെട്ടിനു പുറത്ത് റോഡരികിലായാണ് പാര്‍ക്ക് ചെയ്യുന്നത്. സ്ഥലപരിമിതി കൊണ്ട് പലപ്പോഴും ഞങ്ങള്‍ക്ക് റോഡിന് എതിര്‍വശത്തും വാഹനം പാര്‍ക്ക് ചെയ്യേണ്ടി വരാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളില്‍ പ്രദേശവാസികളായ ചില ചെറുപ്പക്കാര്‍ വിദ്യാര്‍ഥികളുമായി തര്‍ക്കിക്കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞയാഴ്ച നടന്ന തര്‍ക്കം പിന്നീട് ചെറിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. ഇതിനുശേഷമാണ് വിദ്യാര്‍ഥികള്‍ സംഘടിച്ച് പ്രതിഷേധിച്ചത്. ചിലര്‍ നാട്ടുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചെങ്കിലും സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ ഇടപെട്ട് ഇത് തിരുത്തിയിരുന്നു. സംഘര്‍ഷത്തിനു ശേഷം അതി വൈകാരികമായുണ്ടായ പ്രതിഷേധമായതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചത്. നാട്ടുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. എന്നാല്‍ അന്ന് ഞങ്ങളുടെ മാനസികാവസ്ഥ അത്തരത്തിലായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി തെറ്റായ കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് എത്തിയിരുന്നു. പിന്നീട് ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു. അതിനാലാണ് പരസ്യ പ്രതികരണം വേണ്ട എന്ന നിലപാടില്‍ സ്റ്റുഡന്റ്‌സ് യൂണിയനും കോളെജ് അധികൃതരുമെത്തിയത്. എന്ന്’ വിദ്യാര്‍ഥികള്‍ പറഞ്ഞു.
ലഭ്യമായ വിവരങ്ങളില്‍ നിന്നും പ്രചരിക്കുന്ന വീഡിയോ വിദ്യാര്‍ഥികളും പ്രദേശവാസികളായ ചില ചെറുപ്പക്കാരും തമ്മില്‍ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് നടത്തിയ തര്‍ക്കത്തെത്തുടര്‍ന്നുള്ള പ്രതിഷേധമാണെന്നും പെണ്‍കുട്ടികളുമായി കറങ്ങി നടന്ന ചെറുപ്പക്കാരെ തടഞ്ഞുവച്ചതല്ലെന്നും
ഇതോടെ വ്യക്തമാണ്.