ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ പിതാവും സുഹൃത്തുക്കളും ചേർന്ന് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയെയും ഇവർ ഉപദ്രവിക്കുന്നത് വീഡിയോയിൽ കാണാം. ‘നോർത്ത് ഇന്ത്യയിൽ തന്റെ ഭാര്യ പ്രസവിച്ചിത് പെൺകുട്ടി ആയതിനാൽ ഭർത്താവും അനുജനും കൂടെ ജീവനോടെ കുട്ടിയെ കുഴിച്ച് മൂടാൻ ശ്രമിക്കുന്നതിന്റെ നേർക്കാഴ്ച ദയനീയം’ ഇതാണ് വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. എന്നാൽ ഈ വീഡിയോ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നുഉള്ളതല്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ച വീഡിയോയാണിത്.
വീഡിയോ സൂക്ഷിച്ചു പരിശോധിച്ചാൽ ഇരുപത്തിയൊമ്പതാം സെക്കൻഡിൽ ഇതിലെ ദൃശ്യങ്ങൾ യാഥാർത്ഥ്യമല്ലെന്നും അവബോധത്തിനായി ചിത്രീകരിച്ചതാണെന്നും എഴുതിയിരിക്കുന്നതും കാണാം. വീഡിയോ ഗൂഗിളിൽ തിരഞ്ഞപ്പോൾ ഇതേ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് പ്രമുഖ യൂ ട്യൂബറായ നവീൻ ജംഗ്രയുടെ ചാനലിൽ കണ്ടെത്താൻ സാധിച്ചു. മാർച്ച് 7നാണ് ജംഗ്ര വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പ്രചാരത്തിലുള്ള വീഡിയോയിൽ കാണുന്ന വ്യക്തികൾ അഭിനയിച്ച മറ്റു വീഡിയോകളും ഈ ചാനലിൽ ലഭ്യമാണ്. പ്രചാരത്തിലുള്ള വീഡിയോ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം അല്ലെന്നും അബോധത്തിനായി മാത്രം ചിത്രീകരിച്ചതാണെന്നും ഇതിൽ നിന്നും വ്യക്തമാണ്.