യാംബു: റമദാനിലെ നോമ്പുതുറയുടെയും അത്താഴത്തിെൻറയും സമയം അറിയിച്ച് മക്കയിൽ മുഴങ്ങിയിരുന്ന പീരങ്കി ശബ്ദം നിലച്ചിട്ട് എട്ടു വർഷം. മക്കയിലെ അബൂ അൽ മദഫ പർവതമുകളിൽ അരനൂറ്റാണ്ട് മുടങ്ങാതെ നിലനിന്നിരുന്ന ഈ റമദാൻ ശബ്ദത്തിെൻറ ഓർമകൾ അയവിറക്കുന്നവരാണ് പ്രദേശവാസികൾ.
റമദാൻ ചന്ദ്രക്കല ദൃശ്യമായാൽ അബൂ അൽ മദഫ പർവതമുകളിൽ പീരങ്കിയൊച്ച ഉയരുന്നത് കേൾക്കാനും അത് പ്രവർത്തിക്കുന്നത് കാണാനും പ്രദേശവാസികൾക്ക് വലിയ ആവേശമായിരുന്നു. വർഷങ്ങളോളം വിശുദ്ധ മാസത്തിൽ നോമ്പ് തുറക്കാൻ ഈത്തപ്പഴവും സംസം വെള്ളവും കൈയിൽ പിടിച്ച് പീരങ്കിയുടെ ശബ്ദവും പ്രതീക്ഷിച്ച് മക്കാ നിവാസികൾ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. റമദാൻ മാസപ്പിറവി പ്രഖ്യാപനത്തോടെ തുടക്കം കുറിക്കുന്ന പീരങ്കി ശബ്ദം പെരുന്നാൾ തലേന്നു വരെ തുടരുമായിരുന്നു. വ്രതനാളുകളിൽ പ്രഭാത നമസ്കാരത്തിെൻറ ബാങ്ക് സമയത്തും നോമ്പു തുറക്കുന്ന സമയത്തും രാത്രി അത്താഴത്തിന് വിളിച്ചുണർത്താനും മുഴങ്ങുന്ന പീരങ്കി വെടി മുഴക്കം ഗൃഹാതുരമായ ഓർമകളാണ് മക്കയിലെ ആളുകൾക്കിപ്പോഴും. സൗദി പൊലീസിലെ പ്രത്യേക വിഭാഗമായിരുന്നു റമദാനിലെ പീരങ്കി വെടിയുടെ ഉത്തരവാദിത്തം നിർവഹിച്ചിരുന്നത്.