ദില്ലി: റിയൽമി 9 4ജി ഇന്ത്യയിൽ ഏപ്രിൽ 7ന് പുറത്തിറങ്ങുമെന്ന് റിയൽമി വ്യക്തമാക്കി. റിയൽമി 9 സീരിസിലെ ഏറ്റവും പുതിയ ഫോൺ ആയിരിക്കും ഇത്. നേരത്തെ ഇതിൻറെ 5ജി പതിപ്പ് അടക്കം റിയൽമി ഇറക്കിയിട്ടുണ്ട്. 108 മെഗാപിക്‌സൽ ‘പ്രോലൈറ്റ്’ ക്യാമറ അടക്കം പ്രത്യേകതകളുമായാണ് ഈ ഫോൺ എത്തുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് റിയൽമി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഏപ്രിൽ 7ന് ഉച്ചയ്ക്ക് 12.30 ന് വെർച്വൽ ഈവൻറായാണ് ഈ ഫോൺ പുറത്തിറക്കുന്നത്. ഇതിൻറെ ലൈവ് ഈവൻറ് റിയൽമിയുടെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൌണ്ടുകളിൽ ലൈവായി ഇത് ഉണ്ടാകും.
മുൻ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ വരാനിരിക്കുന്ന റിയൽമി 9 4ജിയുടെ വില 15,000 ത്തിൽ താഴെയായിരിക്കും. മെറ്റിയോർ ബ്ലാക്ക്, സൺബർസ്റ്റ് ഗോൾഡ്, സ്റ്റാർഗേസ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്നാണ് വിവരം. എന്നിരുന്നാലും, എന്നാൽ ഇതിലൊന്നും ഔദ്യോഗികമായി സ്ഥിരീകരണം റിയൽമി തന്നിട്ടില്ല.
റിയൽമി 9 4ജി സ്മാർട്ട്‌ഫോണിൽ 108 മെഗാപിക്‌സൽ ‘പ്രോലൈറ്റ്’ ക്യാമറ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സാംസങ് ഇസോസെൽ ( ISOCELL HM6) ഇമേജ് സെൻസറാണ് റിയൽമി 9 4ജിയുടെ പ്രധാന പ്രത്യേകത. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.6-ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉണ്ടാകുക.