ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ഉപയോഗിച്ചു വരുന്നത് ആധുനിക നിലവാരത്തിലുള്ള ബസുകളാണ്. അടുത്തിടെ സര്‍ക്കാര്‍ വാങ്ങിയ ഇത്തരത്തിലൊരു ബസ് അപകടത്തില്‍പ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ഈ വാർത്തയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ചില സന്ദേശങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘തുടക്കം തന്നെ ഗംഭീരം, ഇനി ഇതൊരു നിത്യ സംഭവം ആകും, കെഎസ്ആര്‍ടിസി കൂടുതല്‍ ലാഭം ഉണ്ടാകും, ഇടിയോടെ’ എന്നുള്ള കുറിപ്പോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പോസ്റ്ററിൽ പറയുന്നതുപോലെ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ആദ്യ യാത്ര ആയിരുന്നില്ല ഇത്.
കുറിപ്പിൽ എഴുതിയിരിക്കുന്നത് ‘അമിത വേഗതയില്‍ എത്തിയ കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ബസ് അമരവിള ചെക്ക്‌പോസ്റ്റില്‍ തടഞ്ഞിട്ടിരിക്കുന്നു’ എന്നാണ്. എന്നാൽ പ്രമുഖ മാധ്യമങ്ങളിലെ വാർത്തകളിൽ പറയുന്നത് അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടുവെന്നാണ്. ബെംഗളൂരുവില്‍ നിന്ന് ബോഡി നിര്‍മിച്ച ശേഷം കെഎസ്ആര്‍ടിസിക്ക് കൈമാറാന്‍ എത്തിക്കുമ്പോള്‍ ആണ് സംഭവം. ചില വാഹനങ്ങളില്‍ തട്ടി യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റിരുന്നുവെന്നും പറയുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ ഡ്രൈവര്‍ ആയിരുന്നില്ല ബസില്‍ ഉണ്ടായിരുന്നത്. മാത്രമല്ല, യാത്രക്കാരുമായുള്ള ബസിന്റെ ആദ്യ യാത്ര ആയിരുന്നില്ല ഇതെന്നും വ്യക്തമാണ്.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രപ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് സിഫ്റ്റ് ബസുകള്‍ സംസ്ഥാനം വാങ്ങുന്നത്. ഇവയില്‍ ആദ്യഘട്ടമായ പത്ത് ബസുകള്‍ തലസ്ഥാനത്ത് എത്തിച്ചപ്പോഴാണ് അപകടം നടന്നത്. എന്നാല്‍ ഈ ബസില്‍ ഉണ്ടായിരുന്നത് കെഎസ്ആര്‍ടിസി ഡ്രൈവറോ കണ്ടക്ടറോ ആയിരുന്നില്ല. മാത്രമല്ല കെഎസ്ആര്‍ടിസിക്ക് കൈമാറുന്നതിന് മുന്‍പ് നടന്ന അപകടമാണിത്. കരാര്‍ കമ്പനിയുടെ ജീവനക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഈ അപകടത്തില്‍ കെഎസ്ആര്‍ടിസിക്ക് യാതൊരു പങ്കുമില്ലെന്ന് വാര്‍ത്തകളില്‍ നിന്നു തന്നെ വ്യക്തമാണ്. അമിതവേഗതയിലായിരുന്ന ബസ് ഡ്രൈവര്‍ ചില വാഹനങ്ങളില്‍ തട്ടിയതിനെത്തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വണ്ടി പിടിച്ചിടുകയായിരുന്നുവെന്നാണ് അപകടത്തിന് ഇരയായ വ്യക്തി പറയുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ പലരും ആരോപിക്കുന്നത് സ്വിഫ്റ്റ് ബസിന്റെ ആദ്യ യാത്രയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെയാണ് അപകടം വരുത്തി വെച്ചതെന്നാണ്.