പാലക്കാട്: കെഎസ്ആർടിസി ബസിടിച്ചു യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് നരഹത്യയ്ക്കു കേസെടുത്തു.
കുഴൽമന്ദത്തു നടന്ന അപകടത്തിൽ ഡ്രൈവർ സി.എൽ. ഔസേപ്പിനെതിരെ ജാമ്യമില്ലാ വകുപ്പായ ഐപിസി 304 ആണ് ചുമത്തിയിരിക്കുന്നത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് നടപടി.
ഫെബ്രുവരി 7ന് പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് സർവ്വീസ് നടത്തിയ ബസാണ് യുവാക്കളെ അപകടപ്പെടുത്തിയത്. അപകടത്തിൽ പാലക്കാട് സ്വദേശി ആദർശ്, കാസർഗോഡ് സ്വദേശി സെബിത്ത് എന്നിവരാണ് മരിച്ചത്.
കെഎസ്ആർടിസി ഡ്രൈവർ അപകടം മനപൂർവമുണ്ടാക്കിയതെന്നാണ് യുവാക്കളുടെ കുടുംബം ആരോപിക്കുന്നത്. യാത്രയ്ക്കിടെ വഴിയിൽ വച്ചു ഡ്രൈവറും യുവാക്കളും തമ്മിൽ തർക്കമുണ്ടായെന്നും ഇതിലെ പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ബസിന് ഇടത്തേക്കു ചേർന്നു പോകാൻ സ്ഥലമുണ്ടായിട്ടും മനഃപൂർവം യുവാക്കളെ ലോറിക്കും ബസിനും ഇടയിൽ ഞെരിച്ച് അപകടമുണ്ടാക്കിയതാണെന്നു പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമറയിലെ ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു.
ഇതിനു പിന്നാലെ ഔസേപ്പിനെ കെഎസ്ആർടിസി ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.