കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന് ദിലീപിന്റെ കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വധഗൂഡാലോചനക്കേസില്‍ തെളിവായാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിന്റെ സ്വിഫ്റ്റ് കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയായിരുന്നു അന്വേഷണസംഘത്തിന്റെ നടപടി.
2016ൽ പൾസർ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഡലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിന്റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടിൽവെച്ച് പൾസർ സുനിയ്ക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറിൽ മടങ്ങുമ്പോള്‍ പൾസർ സുനിയ്ക്കൊപ്പം ദിലീപിന്റെ സഹോദരൻ അനൂപും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
കസ്റ്റഡിയിലെടുത്തെങ്കിലും ഓടിക്കാന്‍ കഴിയാത്ത നിലയിലാണ് വാഹനം. അതുകൊണ്ടുതന്നെ ഈ കാര്‍ കസ്റ്റഡിയിലെടുത്ത ശേഷം ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. ആവശ്യപ്പെടുന്ന സമയത്ത് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ ക്രൈംബ്രാഞ്ച് കാര്‍ ദിലീപിന് കൈമാറി.
ആലുവയിലെ വീട്ടില്‍നിന്ന് പോകുന്നവഴി പള്‍സര്‍ സുനിയെ ബസ് സ്റ്റോപ്പിലിറക്കാന്‍ ദിലീപിന്റെ സഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചുവന്ന സ്വിഫ്റ്റ് കാറിലാണ് ഇവര്‍ പോയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സഹോദരന് അനൂപാണ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതെന്നും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്.
അതിനിടെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചു. ഇന്നലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. ഈ സാംപിൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകർപ്പ് പുറത്ത് വിട്ടിരുന്നു.