‘കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മികച്ച പ്രകടനത്തിലെ അവിഭാജ്യഘടകമായിരുന്നു മലയാളി കൂടി ആയ സഹൽ അബ്ദുൽ സമദ്. ‘ഇന്ത്യൻ ഓസിൽ’ എന്ന വിളിപ്പേരുള്ള മധ്യ നിരതാരത്തിന് പരിക്കുമൂലം ഹൈദരാബാദ് എഫ്സിയുമായുള്ള ഫൈനൽ മത്സരം നഷ്ടമായിരുന്നു. ഐഎസ്എൽ കിരീടപ്പോരാട്ടം കഴിഞ്ഞ് അധികനാൾ ആകും മുമ്പേ സഹലിനെപ്പറ്റി മറ്റൊരു വാർത്ത കൂടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേൺ റോവേഴ്സ് നാലാഴ്ച നീണ്ടുനിൽക്കുന്ന ട്രയൽ അനുവദിച്ചുവെന്നും, എല്ലാം ഒത്തുവന്നാൽ സഹലിനെ മുൻ പ്രീമിയർ ലീഗ് ജേതാക്കൾ സയിൻ ചെയ്യും എന്നുമാണ് വാദം. എന്നാൽ പോസ്റ്റിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. സഹൽ ക്ലൈന്റ് ആയ ഇൻവെന്റീവ് സ്പോർട്സ് ഈ അഭ്യൂഹം അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ, സഹലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇംഗ്ലണ്ട് യാത്രയുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും കണ്ടെത്താനായില്ല. ചില മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ പലരും ഈ അഭ്യൂഹത്തെ പറ്റി വാർത്തകൾ നൽകിയിരുന്നതായി കണ്ടു. എന്നാൽ അഭ്യൂഹങ്ങൾ പരക്കുന്നു എന്നു പറയുന്നതിനപ്പുറം യാതൊരു തെളിവുകളും ഇവർക്കും നൽകാനുണ്ടായിരുന്നില്ല. കായിക കൺസൾട്ടൻസി ആയ ഇൻവെന്റീവ് സ്പോർട്സ് സി.ഈ.ഓ ബൽജിത് റിഹാൽ മാർച്ച് 29ന് സഹലുമായി ബന്ധപ്പെട്ട് പരക്കുന്ന അഭ്യൂഹങ്ങൾ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവ അടിസ്ഥാനരഹിതമാണെന്നും അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. സഹൽ ക്ലൈന്റ് ആയുള്ള സ്പോർട്സ് കൺസൾട്ടൻസിയാണ് ബൽജിത്തിന്റെ ഇൻവെന്റീവ് സ്പോർട്സ്.
കേരള ബ്ലാസ്റ്റേഴ്സ് പബ്ലിക് റിലേഷൻസ് ടീമും ഈ വാദം തള്ളി. വിഷയമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണമോ സ്റ്റേറ്റ്മെന്റോ ക്ലബ്ബിൻറെ ഭാഗത്തുനിന്ന് വരാൻ പോകുന്നില്ലെങ്കിലും പരക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് സഹലിനോട് വളരെ അടുത്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് ഉറപ്പിക്കാനാവുമെന്നും കേരള ബ്ലാസ്റ്റേഴ്സ് പി.ആർ പറഞ്ഞു. മാർച്ച് 29ന് പ്രചരിക്കാൻ ആരംഭിച്ച ബഹുഭൂരിപക്ഷം പോസ്റ്റുകളും ഇതിനോടകം സമൂഹമാധ്യമങ്ങൾ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് പോസ്റ്റ് ചെയ്തവർ തന്നെ ഇവ നീക്കം ചെയ്തതാവാം. അതുകൊണ്ട് ഇന്ത്യൻ അന്താരാഷ്ട്ര താരവും കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡറുമായ സഹൽ അബ്ദുൽ സമദ് ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേൺ റോവേഴ്സിന്റെ ട്രയലിൽ പങ്കെടുക്കുമെന്നും, ശേഷം ചിലപ്പോൾ കരാർ ഒപ്പിടുമെന്നുമുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാം.