തിരുവനന്തപുരം : കേരളത്തിൽ വ്യാപകമായി മദ്യശാലകൾ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സർക്കാർ ശ്രമിക്കുന്നത്. അഴിമതി ആരോപണത്തെ തുടർന്ന് തടഞ്ഞു വയ്ക്കപ്പെട്ട ഡിസ്റ്റിലറികളും ബ്രൂവറികളും പുതിയ കുപ്പായം ഇട്ട് വീണ്ടും തുറക്കാനുള്ള ശ്രമമാണ്. തുടർഭരണം കിട്ടയതിന്റെ അഹങ്കാരത്തിലാണ് ഡിസ്റ്റിലറികളും ബ്രൂവറികളും വീണ്ടും തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 2016-ൽ ഉമ്മൻ ചാണ്ടി സർക്കാർ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാർ അനുവദിക്കാൻ തീരുമാനിച്ചപ്പോൾ വിമർശിച്ചയാളാണ് പിണറായി വിജയൻ. കൂടുതൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണമെന്നാണ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചത്. മദ്യ വർജന സമിതികളെയും മദ്യ വിരുദ്ധ പ്രവർത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാൻ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നുമാണ് പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
എൽ.ഡി.എഫ് വന്നു. എല്ലാം ശരിയായി എന്ന അവസ്ഥയാണ് കേരളത്തിൽ. പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി ആയപ്പോൾ മദ്യവർജന സമിതികളെയും മദ്യവിരുദ്ധ സമിതികളെയും ഒന്നിച്ച് നിർത്തി മദ്യത്തെ ചെറുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായുള്ളതാണോ മദ്യനയമെന്ന് പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് പറയണം. ഡിസ്റ്റിലറികളും ബ്രൂവറികളും ബാറുകളും അനുവദിക്കുന്നത് അഴിമതി നടത്തി പണമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ്. കേരളത്തിൽ ആവശ്യത്തിന് ബാറുകൾ ഇല്ലെന്നൊരു പരാതിയില്ല. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിൽ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളുമുണ്ട്. ഈ പശ്ചാത്തലത്തിൽ വ്യാപകമായി മദ്യശാലകൾ തുടങ്ങാനുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടുള്ളതാണ്. അഴിമതി മാത്രമാണ് ഇപ്പോൾ സർക്കാരിന്റെ ലക്ഷ്യം.
ജനങ്ങളെ പ്രയാസപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ സർക്കാർ മത്സരിക്കുകയാണ്. ബസ് ചാർജ് വർദ്ധന നീതീകരിക്കാനാകില്ല. നേരത്തെ നിരക്ക് വർദ്ധിപ്പിച്ചപ്പോൾ മിനിമം ചാർജ് അഞ്ച് കിലോമീറ്ററിനായിരുന്നു. ഇപ്പോൾ രണ്ടര കിലോമീറ്ററിനാണ് മിനിമം ചാർജ് പത്തു രൂപയായി വർധിപ്പിച്ചിരിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം ചാർജ് പത്ത് രൂപയാക്കിയപ്പോൾ ഫെയർ സ്റ്റേജിൽ അപാകതകളുണ്ടായിട്ടുണ്ട്. പഠിക്കാതെയാണ് സർക്കാർ ബസ് ചാർജ് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെയർ സ്റ്റേജിൽ അപാകതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം.
കഴിഞ്ഞ ആറ് കൊല്ലത്തിനിടെ സംസ്ഥാന സർക്കാരിന് ആറായിരം കോടിയിലധികം രൂപയാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വർധിപ്പിച്ച നികുതിയിലൂടെ ലഭിച്ചത്. അധികമായി കിട്ടിയ നികുതിയുടെ 25 ശതമാനം കെ.എസ്.ആർ.ടിസിക്കും സ്വകാര്യ ബസുകൾക്കും മത്സ്യ ബന്ധനബോട്ടുകൾക്കും ഓട്ടോറിക്ഷക്കാർക്കും ഇന്ധന സബ്‌സിഡിയായി നൽകിയിരുന്നെങ്കിൽ ചാർജ് വർധന ഒഴിവാക്കാമായിരുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധിപ്പിച്ചും ചാർജ് വർധിപ്പിച്ചും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനജീവിതം ദുസഹമാക്കുകയാണ്. ഇന്ധന സബ്‌സിഡി നൽകി യാത്രാ നിരക്ക് വർധന പിൻവലിക്കാൻ സർക്കാർ തയാറാകണം.
യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന് എതിരെ 2016 ഏപ്രിൽ 18 ന് പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്
കൂടുതൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം.
ഇങ്ങനെ കൂടുതൽ കൂടുതൽ മദ്യ ശാലകൾ അനുവദിച്ചു കൊണ്ടാണോ ‘ഘട്ടം ഘട്ടമായി ‘ മദ്യ നിരോധനം നടപ്പാക്കുന്നത്?
പത്തു ശതമാനം വെച്ച് ചില്ലറ വ്യാപാര ഔട്ട് ലെറ്റുകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നിലവിലുള്ളവയിൽ കൂടുതൽ കൌണ്ടറുകൾ തുറക്കുന്ന അതേ കള്ളക്കളിയാണ് ഇവിടെയും. കോഴയിൽ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കുന്നത്.
പുതുതായി പത്തു ത്രീ സ്റ്റാർ ഹോട്ടലുകൾ ഫൈവ് സ്റ്റാർ ആയി അപ്‌ഗ്രേഡ് ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഘട്ടം ഘട്ടമായി വൻകിട മദ്യശാലകൾ സംസ്ഥാനത്ത് കൊണ്ടുവരികയാണ് യു ഡി എഫ് ഭരണം. ജനങ്ങളെ കബളിപ്പിക്കാനുള്ള മദ്യ വിരോധ പ്രസംഗവും ഈ കള്ളക്കളിയും എങ്ങനെ ഒത്തു പോകും?
യു ഡി എഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാർ കോഴയിൽ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരിൽ യു ഡി എഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാർഡ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മദ്യ വർജന സമിതികളെയും മദ്യ വിരുദ്ധ പ്രവർത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാൻ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണ്.
എൽഡിഎഫ്വരും എല്ലാംശരിയാകും..