കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രിൽ ഒന്നു മുതൽ അഞ്ചുവരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആർ.ഐ.എഫ്.എഫ്.കെ) നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് സരിത തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരൻ എൻ.എസ്. മാധവൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
ടി.ജെ വിനോദ് എം.എൽ.എ ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയർ എം.അനിൽ കുമാർ ഫെസ്റ്റിവൽ ബുള്ളറ്റിനിന്റെ പ്രകാശന കർമം നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ ജോഷി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ എന്നിവർ പങ്കെടുക്കും. ചടങ്ങിനുശേഷം ബംഗ്ലാദേശ്, സിംഗപ്പൂർ, ഖത്തർ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.
സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 26ാമത് ഐ.എഫ്.എഫ്.കെയിൽ ശ്രദ്ധേയമായ 70 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. സുവർണചകോരം ലഭിച്ച ‘ക്ലാര സോള’, പ്രേക്ഷകപ്രീതി ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങൾ ലഭിച്ച ‘കൂഴങ്കൽ’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഒൗട്ട് റ്റുനൈറ്റ്, ഫിപ്രസി-നെറ്റ്പാക് പുരസ്കാരങ്ങൾ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷൻ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.