സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കുന്ന നടപടിക്ക് ഭരണമുന്നണിയായ എൽ.ഡി.എഫ് അംഗീകാരം നൽകിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മിനിമം ചാർജ് 10 രൂപയാകുന്ന തരത്തിലാണ് വർധനയുണ്ടാകുക. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടനെയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
എട്ടു രൂപയായിരുന്ന മിനിമം ചാർജാണ് 10 രൂപയാക്കി വർധിപ്പിക്കുന്നത്. മിനിമം ചാർജിന്റെ പരിധിക്ക് പുറത്തുള്ള ഒാരോ കിലോമീറ്ററിനും 90 പൈസയുണ്ടായിരുന്നത് ഒരു രൂപയാക്കി വർധിപ്പിച്ചു.ഒാട്ടോ ടാക്സി നിരക്കുകളും വർധിപ്പിക്കും. ഒാട്ടേം മിനിമം ചാർജ് 30 രൂപയാക്കി. രണ്ട് കിലോമീറ്ററാണ് മിനിമം ചാർജിന്റെ പരിധിയിൽ ഉൾപ്പെടുക. അധികമുള്ള ഒാരോ കിലോമീറ്ററിനും 12 രൂപയുണ്ടായിരുന്നത് 15 ആക്കി വർധിപ്പിച്ചു.
1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകളുടെ മിനിമം ചാർജ് 175 രൂപയിൽ നിന്ന് 200 രൂപയാക്കി വർധിപ്പിച്ചു. അഞ്ചു കിലോമീറ്ററാണ് ഇതിന്റെ പരിധിയിൽ ഉൾപ്പെടുക. അധിക കിലോമീറ്ററിന് 15 രൂപയുണ്ടായിരുന്നത് 18 രൂപയാക്കിയിട്ടുണ്ട്.1500 സിസിക്ക് മുകളിലുള്ള ടാക്സി കാറുകളുടെ മിനിമം ചാർജ് 225 രൂപയാക്കി. അഞ്ച് കിലോമീറ്ററിന് ശേഷമുള്ള ഒാരോ കിലോമീറ്ററിനും 20 രൂപ ഈടാക്കാം.രാത്രികാല നിരക്കിനും വെയ്റ്റിങ് ചാർജിനും നിലവിലുള്ള മാനദണ്ഡങ്ങൾ തുടരും. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണെന്നും അതു സംബന്ധിച്ച് പഠനം നടത്താൻ ഒരു കമീഷനെ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.