കോട്ടയം: സഭാതർക്കത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ (Baselios Marthoma Mathews). പരമോന്നത നീതിപീഠത്തിൻറെ വിധി പ്രസ്താവങ്ങളെ തകിടം മറിക്കുന്ന രീതിയിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുകയാണെന്നും ഇത്തരം നടപടികൾ ആശങ്കാജനകമെന്നും ബാവ പറഞ്ഞു. ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ പൊതുജനാഭിപ്രായം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം നിരുത്തരവാദപരമാണ്. നിയമവാഴ്ച ഉറപ്പാക്കേണ്ട സർക്കാരിൻറെ ഇത്തരം നടപടികൾ ആപൽക്കരമാണ്. സഭ എല്ലാക്കാലവും ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് മുന്നേറിയത് ഈ വെല്ലുവിളികളേയും സഭ പ്രാർത്ഥനാപൂർവ്വം അതിജീവിക്കുമെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ പറഞ്ഞു.
ഓർത്തഡോക്സ് സഭാധ്യക്ഷൻറെ വാക്കുകൾ
സഭയുടെ പൈതൃക സംരക്ഷണം ഉറപ്പാക്കുന്നതിന് ഭരണഘടനാ അനുസൃതുമായി സുപ്രീംകോടതി അനുവദിച്ച് നൽകിയിട്ടുള്ള വിധി പ്രസ്താവങ്ങളെ തകിടം മറിക്കുന്ന നിലയിലുള്ള കേരള സർക്കാരിൻറെ നടപടികളെ ആശങ്കയോടെയാണ് സഭ വീക്ഷിക്കുന്നത്. പൊതുജനാഭിപ്രയം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം എത്രയോ നിരുത്തരവാദപരമായ സമീപനമാണ്. നിയമവാഴ്ച്ച ഉറപ്പാക്കേണ്ട ഒരു ജനാധിപത്യ ഗവൺമെൻറിൽ നിന്നുണ്ടാകുന്ന ഇത്തരം നടപടികൾ ആപൽക്കരമാണ്. സഭ എല്ലാക്കാലവും ഇത്തരത്തിലുള്ള വെല്ലുവിളകളെ അഭിമുഖീകരിച്ചാണ് മുന്നേറിയിട്ടുള്ളത്. സത്യം നിലനിൽക്കുക തന്നെ ചെയ്യും. ഈ വെല്ലുവിളികളെയും നാം അതിജീവിക്കുമെന്നതിൽ സംശയിക്കേണ്ട കാര്യമില്ല.