പാലക്കാട്: ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന 650 ല്‍പ്പരം ആനുകൂല്യങ്ങളും, സേവനങ്ങളും താഴെ തട്ടിലേക്ക് എത്തിക്കുന്നതിന് സാക്ഷരതാ പഠനത്തിന്റെ ഭാഗമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജില്ലയിലെ സാക്ഷരതാമിഷൻ മികവുത്സവം പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പെരുമാട്ടി നല്ലമാടന്‍ച്ചള്ള എസ്.എന്‍.യു.പി സ്കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുതിര്‍ന്ന പഠിതാക്കളായ പാറു (74), മാധവി (70), രുഗ്മണി (65), പ്രേമ (65) എന്നിവരെ മന്ത്രിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സ്വീകരിച്ചു. പഠിതാക്കള്‍ക്കുള്ള ചോദ്യപേപ്പര്‍ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ അധ്യക്ഷയായ പരിപാടിയിൽ ചിറ്റൂര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി സാക്ഷരതാസന്ദേശം നല്‍കി. പഠിതാക്കൾ പാട്ട് പാടിയും കഥ പറഞ്ഞും ചോദ്യോത്തരകടലാസ് പൂരിപ്പിച്ച് മികവുത്സവത്തില്‍ പങ്കെടുത്തു.
ജില്ലയില്‍ 49,256 പഠിതാക്കള്‍ പരീക്ഷ എഴുതിയതായാണ് പ്രാഥമിക വിവരം. പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും, ക്രോഡീകരണവും മാര്‍ച്ച് 28, 29 തീയതികളില്‍ പൂര്‍ത്തിയാവും. മാര്‍ച്ച് 31 ന് ഫലപ്രഖ്യാപനവും, ഏപ്രില്‍ 18 ന് സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടിയിൽ കെ.ഡി പ്രസേനന്‍ എം.എല്‍.എ, കെ. ബാബു എം.എല്‍.എ, അഡ്വ. പ്രേംകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ ടീച്ചർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമൂണ്ണി എന്നിവർ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാർ, ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാർ, മറ്റ് ജനപ്രതിനിധികൾ നേതൃത്വം നൽകി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, പഞ്ചായത്ത് മെമ്പര്‍ കെ നാരായണന്‍കുട്ടി, ജില്ലാ സമിതി അംഗം . വിജയന്‍ മാസ്റ്റര്‍,ഹെഡ്മിസ്ട്രസ് കെ.ബി ജീജ ടീച്ചര്‍, നോഡല്‍ പ്രേരക് വി. രമ, പഞ്ചായത്ത് ആര്‍.പി മോചിത, അംബിക, ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, പ്രേരക് പി. കല എന്നിവര്‍ സംസാരിച്ചു. എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സാഹിത്യകാരന്‍ ഈയങ്കോട് ശ്രീധരന്‍ മാസ്റ്റര്‍ പങ്കെടുത്ത് സംസാരിച്ചു.