തൃശ്ശൂര്‍: കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശ്ശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂള്‍ കെട്ടിടം പൊളിക്കല്‍ ആരംഭിച്ചു. കെട്ടിടത്തിന്‍റെ ബലക്ഷയത്തെ തുടര്‍ന്നാണ് കെട്ടിടത്തിന്‍റെ രണ്ടാം നില പൂര്‍ണ്ണമായി പൊളിച്ചു നീക്കുന്നത്.
കഴിഞ്ഞവര്‍ഷം ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗവും ക്വാളിറ്റി വിഭാഗവും നടത്തിയ പരിശോധനകളിലാണ് അപാകതകൾ കണ്ടെത്തിയത്. ഉപയോഗിച്ച മണൽ, പ്ലാസ്റ്ററിങ്, കോൺക്രീറ്റിങ് എന്നിവയിൽ പോരായ്മകളുണ്ടെന്നായിരുന്നു കണ്ടെത്തൽ. കോൺക്രീറ്റ് കരുത്ത്, ഗുണനിലവാരം എന്നിവയിലും പോരായ്മകളുണ്ടായിരുന്നു.
നേരത്തെ കെട്ടിടനിർമ്മാണത്തിലെ അപാകതകള്‍ നാട്ടുകാരും ചൂണ്ടികാണിച്ചിരുന്നു. കൈകൊണ്ട് തൊടുമ്പോൾ സിമന്റ് ഇളകുന്ന നിലയിലായിരുന്നു കെട്ടിടം.
മുൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്‍റെ പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച് ഉദ്ഘാടനത്തിന് തയ്യാറായിരുന്ന സ്‌കൂൾ കെട്ടിടമാണിത്.
നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലം സംഭവിച്ചിരിക്കുന്നത് കോടികളുടെ നഷ്ടമാണ്. കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുളള ക്രമക്കേട് നടത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.