തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതിയിൽ വിധിയിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ വഴികളില്ലെന്ന് ഗവർണർ പറഞ്ഞു.
പണിമുടക്കുകളിലും മറ്റും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്നും ഗവർണർ പറഞ്ഞു.
സമരം ചെയ്യുന്ന സർക്കാർ ജീവനക്കാരെ തടയേണ്ടത് സർക്കാരിന്റെ കടമയാണെന്ന് ഹൈക്കോടതി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഭരണ സംവിധാനം തടസ്സപ്പെടുത്തി സമരം ചെയ്യാൻ ട്രേഡ് യൂണിയൻ നിയമത്തിലും വകുപ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ നിരീക്ഷണം. പണിമുടക്ക് മൂലം ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ ബുദ്ധിമുട്ടെങ്കിൽ അവർക്ക് വാഹനം ഏർപ്പാടാക്കി നൽകണമെന്നും കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ട്.
അതേസമയം പണിമുടക്കാൻ സർക്കാർ ജീവനക്കാർക്ക് അവകാശമുണ്ടെന്ന് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ പറഞ്ഞു. പണിമുടക്ക് തടയാൻ കോടതിക്കാവില്ല. ജീവനക്കാർക്ക് മേൽക്കോടതിയിൽ പോകാമല്ലോയെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തു സർക്കാർ ജീവനക്കാർ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി ഇന്ന് നിർദേശിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സർക്കാർ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.