ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ കാണാൻ തലസ്ഥാനത്തെ തിയേറ്ററിൽ പോയപ്പോഴുള്ള അനുഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയാണ് തിരുവനന്തപുരം മുൻ കൗൺസിലറും സി പി എം നേതാവുമായ ഐ പി ബിനു. സിനിമ കാണുന്നതിന് മുൻപായി തനിക്കും സുഹൃത്തുക്കൾക്കും വേണ്ടി മൂന്ന് മീഡിയം പോപ് കോണും, 500 മില്ലി വെള്ളവും തിയേറ്ററിനുള്ളിലെ സ്റ്റാളിൽ നിന്നും വാങ്ങിയെന്നും, അതിന് കഴുത്തറുപ്പൻ വിലയാണ് ഈടാക്കുന്നതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. അഞ്ഞൂറ് മില്ലി വെള്ളത്തിന് നൂറ് രൂപയാണ് വില. ഈ വിഷയം ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിന്റെ ശ്രദ്ധയിൽ പെടുത്തിയെന്നും, ഉടൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
‘ലാഭം ആകാം പക്ഷെ ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കരുത്’
RRR സിനിമ ഇന്ന് കണ്ട് ഇറങ്ങി. S.S രാജമൗലിയുടെ സംവിധാന മികവ് സിനിമ സൂപ്പർ. ഞാനും കൂട്ടുകാരും പടം നന്നായി ആസ്വദിച്ചു. പക്ഷെ അവിടത്തെ ചെറിയ എന്നാൽ വലിയ ഒരു പ്രശ്നം പറയാതെ വയ്യാ. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് എനിക്ക് Pop corn വാങ്ങാൻ തോന്നി . . മൂന്ന് മീഡിയം പോപ് കോൺ വാങ്ങി. 590/- രൂപ, വെള്ളം 500 ML 100രൂപ(500 ML പാലിന് 23 അല്ലെങ്കിൽ 25 രൂപ) സംഗതി കഴുത്തറുപ്പൻ വിലയല്ലേ എന്ന് തോന്നി.നഗരസഭാ ഹെൽത്ത് ഓഫീസറെ വിളിച്ചു കാര്യം പറഞ്ഞു. , G.R അനിൽ മന്ത്രിയോടാണ് പരാതി പറയേണ്ടത് എന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥൻ മറുപടി തന്നു. മടിക്കാതെ മന്ത്രി G.R അനിൽ അണ്ണനെ വിളിച്ചു. ” അണ്ണാ വളരെ മോശമായ രീതിയാണ് സിനിമാ തീയറ്ററുകൾ ചെയ്യുന്നത് ” എന്ന് പറഞ്ഞ് നടന്നതെല്ലാം മന്ത്രിയോട് പറഞ്ഞു. ഉടനെ ഇടപെടാം എന്ന് മന്ത്രിയുടെ മറുപടി നൽകിയിട്ടുണ്ട് . ഈ സിനിമാ തീയറ്ററുകളുടെ ഈ പകൽ കൊള്ള ..മോശമല്ലേ? തിരുത്തപെടേണ്ടതല്ലേ? ലാഭം വേണം വേണ്ടെന്നല്ല പറയുന്നത്. ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കുന്നത് പോലും തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു സാധാരണ കുടുംബം ഈ അവസ്ഥയിൽ എങ്ങനെ തിയേറ്റുകളിലെത്തി സിനിമ കാണും. എല്ലാ തിയറ്ററുകളിലും സാന്ക്സിന്റെയും സോഫ്ട് ഡ്രിങ്ക്സിന്റെയും വില വിവരം പ്രദർശിപ്പിക്കണം. എല്ലായിടത്തും ഓരേ വില നിശ്ചയിക്കുന്നതും തെറ്റില്ല. ആ വില സാധാരണക്കാരന് കൂടി പ്രാപ്യമായിരിക്കുകയും വേണം. സമാനമായ തീവെട്ടിക്കൊള്ള വിമാനത്താവളത്തിൽ നടന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നടപടി എടുത്തത് ഓർക്കുന്നു. മന്ത്രി ജി ആർ അനിൽ അണ്ണൻ ഉടൻ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ
ഐ പി ബിനു