കൊച്ചി: എന്ത് അടിസ്ഥാനത്തിലാണ് കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് സർക്കാരിനോട് ഹൈകോടതി. സർവേ കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗ്ൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, റദ്ദാക്കിയിട്ടുണ്ടെങ്കിൽ ആ ഉത്തരവ് എവിടെയെന്നും ആരാഞ്ഞു.
നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. എങ്ങനെയാണ് സർവേയെന്ന് ക്യത്യമായി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം.ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണം. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാന്‍ കോടതിക്ക് സാധിക്കില്ല. രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ല. പക്ഷേ സർവേ കല്ലിടലടക്കമെല്ലാം നിയമപരമായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് സിംഗ്ൾ ബെഞ്ച് വ്യക്തമാക്കി. കോടതി ഒരു പദ്ധതിക്കും എതിരല്ല. മുൻകൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീടുകളിൽ കയറുന്നത് നിയമപരമാണോ എന്ന് ഹൈകോടതി ചോദിച്ചു.
സാമൂഹികാഘാത പഠനമാണ് നടത്തുന്നതെന്ന് എന്തു കൊണ്ടാണ് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കാത്തത്. എന്താണ് നടപടി എന്നതിനെ കുറിച്ച് കൃത്യമായി ബന്ധപ്പെട്ടവർ വിശദീകരിക്കണം. നാളെ ഹരജി പരിഗണിക്കുമ്പോൾ ഇക്കാര്യം വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.