ഡൽഹി: കെ റെയിൽ സർവേക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശി നല്‍കിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നല്‍കിയ വേറെയും ഹര്‍ജികള്‍ കോടതിക്ക് മുന്‍പിൽ ഉണ്ട്.
കെ റെയിൽ പദ്ധതിക്ക് കല്ലിട്ടുള്ള സർവേയുടെ യഥാർത്ഥ ലക്ഷ്യം ഭൂമി ഏറ്റെടുക്കൽ തന്നെ എന്ന് വ്യക്തമാക്കുന്ന സർക്കാർ വിജ്ഞപനം ഇന്നലെ പുറത്തു വന്നിരുന്നു. വെറും സാമൂഹ്യ ആഘാത പഠനം മാത്രമാണെന്ന സർക്കാർ വാദങ്ങൾ ആണ് ഇതോടെ പൊളിയുന്നത്. വിഞാപനം സാങ്കേതികം മാത്രമെന്ന് വിശദീകരിച്ച റവന്യു മന്ത്രി പക്ഷെ ഭൂമി ഏറ്റെടുക്കില്ല എന്ന് ഒരിടത്തും പറയുന്നില്ല എന്ന് സൂചിപ്പിച്ചതോടെ ആശയക്കുഴപ്പം മുറുകുകയായിരുന്നു.