തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. സാമൂഹിക ആഘാത പഠനത്തിന്റെ തുടര്‍ച്ചയാണ് സ്ഥലം ഏറ്റെടുക്കല്‍. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന് മുന്‍പേ എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്? സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടില്‍ ഒരു കമ്മിറ്റിയെ വച്ച് അത് തള്ളാനും സ്വീകരിക്കാനുമുള്ള അധികാരം സര്‍ക്കാരിനുണ്ട്. എന്നാല്‍ ആ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്, അദ്ദേഹം പറഞ്ഞു.
സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ക്കെ ദുരൂഹതയാണ്. സാമൂഹിക ആഘാത പഠനത്തിന്റെ ഫലം എന്തായാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്.
നിയമത്തെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒരു പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കും, പൊതു ഉദ്ദേശ്യം സാധൂകരിക്കുന്നതാണോ ജനങ്ങളുടെ അപ്രായം എന്താണ് ഇതൊക്കെ അറിയാനാണ് റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ടില്‍ സാമൂഹിക ആഘാത പഠനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം പ്രഹസനമാക്കി, എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമത്തെ മറികടന്ന് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കെ- റെയിലും പരസ്പരവിരുദ്ധമായി സംസാരിക്കുന്നത്.
ആശയക്കുഴപ്പവും ദുരൂഹതയും തുടക്കം മുതല്‍ എല്ലാ റിപ്പോര്‍ട്ടുകളിലുമുണ്ട്. ഡാറ്റാ തിരിമറി നടത്തിയാണ് പ്രാഥമിക, അന്തിമ സാധ്യതാ പഠന റിപ്പോര്‍ട്ടും ഡി.പി.ആറും തയാറാക്കിയിരിക്കുന്നത്. ഡാറ്റാ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ കെ- റെയില്‍ കോര്‍പറേഷനോ മറുപടി നല്കാന് തയാറായിട്ടില്ല. ചെലവ്, യാത്രക്കാരുടെ എണ്ണം എന്നിവ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും കൃത്രിമം കാട്ടിയിരിക്കുകയാണ്.
കേരളത്തെ ശ്രീലങ്ക ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈൻ വലിയ കടബാധ്യത വരുത്തിവയ്ക്കും.കൊട്ടാരം വിദൂഷകരുടെ റോളിലേക്ക് ഡിവൈഎഫ്ഐ മാറി. വീട് കയറുന്ന ഡിവൈഎഫ്ഐക്കാര്‍ക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.