കൊച്ചി: ഇന്ധനവില ഞായറാഴ്ചയും വർധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഞായറാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 108.31 രൂപയും ഡീസലിന് 95.49 രൂപയുമാകും.
ഇന്ന് പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് വര്‍ധിച്ചത്.
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വർധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.
അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ റഷ്യയുക്രൈൻ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.