ശോഭ സിറ്റി കണ്ടപ്പോള്‍ കെ റെയിലിന്റെ ഒരു ബഹുമാനം നോക്കണെ.. തൃശൂര്‍ ശോഭാസിറ്റി മാള്‍ ഒഴിവാക്കാന്‍ കെ-റെയില്‍ റൂട്ട് മാറ്റിയോ?

സര്‍വ്വേ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ വിവാദമായ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് കെ-റെയില്‍ അഥവാ സിൽവർ ലൈൻ പദ്ധതി. പദ്ധതിയുടെ ആദ്യഘട്ട സര്‍വ്വേ പലയിടങ്ങളിലും സംഘര്ഷങ്ങളുണ്ടാക്കി. വരും നാളുകളിലെ ആവശ്യം പരിഗണിച്ചാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെങ്കിലും പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ചില പാളിച്ചകള്‍ സംഭവിച്ചുവെന്നാണ് പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പല പ്രമുഖരുടെയും സ്ഥാപനങ്ങളും വീടുകളും ഒഴിവാക്കുകയും സാധാരണക്കാര്‍ക്ക് ഇത്തരം പരിഗണന നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. അത്തരത്തിലൊരു പ്രചാരണമാണ് തൃശൂരിലെ ശോഭാസിറ്റിയെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നത്. 

‘ശോഭ സിറ്റി കണ്ടപ്പോള്‍ കെ റെയിലിന്റെ ഒരു ബഹുമാനം നോക്കണെ .! ഇതാണ് പൗര പ്രമുഖ് പിണറായി വിജയന്റെ കെ റെയില്‍.’ എന്നുള്ള കുറിപ്പോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് പദ്ധതിയുടെ യഥാര്‍ഥ റൂട്ട് മാപ്പ് ചിത്രമല്ല. പ്രചരിക്കുന്ന റൂട്ട് മാപ്പ് ചിത്രം പരിശോധിച്ചാല്‍ തൃശൂര്‍ ശോഭാസിറ്റിയുടെ സമീപമെത്തുമ്പോള്‍ റൂട്ട് മാപ്പ് വളഞ്ഞ് പോകുന്നതായി തോന്നുന്നുണ്ട്. മാളിന്റെ തൊട്ടടുത്തുകൂടെ പാത കടന്നുപോകുന്നതായാണ് മാപ്പില്‍ കാണുന്നത്. കെ-റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് വ്യക്തമാകുന്നത്. പദ്ധതിയുടെ ഡിപിആറും വിശദമായ മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ നല്‍കിയിട്ടുള്ള യഥാര്‍ഥ റൂട്ട്മാപ്പ് പരിശോധിച്ചാല്‍ പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളെപ്പറ്റി കൃത്യമായി മനസിലാക്കാനാകും. വെബ്‌സൈറ്റില്‍ സില്‍വര്‍ ലൈനിന്റെ ഗൂഗിള്‍ മാപ്പ് ദൃശ്യമാണ് നല്‍കിയിട്ടുള്ളത്. ഇത് സൂം ചെയ്ത് പരിശോധിച്ചാല്‍ തൃശൂരിലൂടെ കെ-റെയില്‍ കടന്നുപോകുന്ന വഴിയും ശോഭാസിറ്റി മാളും തമ്മില്‍ കിലോമീറ്ററുകളുടെ വ്യത്യാസമുണ്ടെന്ന് മനസിലാക്കാനാകും.

Tags: Fake News

Latest News