ചെങ്ങന്നൂർ: സില്‍വര്‍ ലൈന്‍ സമരത്തില്‍ തിവ്രവാദ സ്വഭാവമുള്ള സംഘടനകളുമെന്ന് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള പ്രതിഷേധത്തിന് പരിശീലനം നല്‍കുന്നു. കൊഴുവല്ലൂരില്‍ പൊലീസിനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ കരുതിയെന്നും മന്ത്രി ആരോപിച്ചു. ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ലൈന്‍ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.
കോൺഗ്രസും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും ഒറ്റക്കെട്ടാണ്. പുറത്തു നിന്നുളള സംഘമെത്തി നാട്ടുകാരെ പരിശീലിപ്പിക്കുന്നുണ്ട്. തന്‍റെ നാട്ടുകാരെ വിലക്കെടുത്ത് പ്രചാരണം സംഘടിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.
കരുണ പാലിയേറ്റിവിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നന്ദി വേണമെന്നും മന്ത്രി പറഞ്ഞു. ജനകീയ ലാബുകാര്‍ വീട്ടിലെത്തുന്നില്ലേ എന്നും മന്ത്രി വിശദീകരണയോഗത്തില്‍ ചോദിച്ചു.
ചെങ്ങന്നൂരിലെ കെ- റെയില്‍ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്. സമരം കലാപത്തിനുള്ള ശ്രമമാണ്. അതാണ് ചെങ്ങന്നൂർ ഉൾപ്പെടെ കാണുന്നത്. പണം നല്‍കിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും ജനങ്ങള്‍ ഇതില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞിരുന്നു.

















