മണ്ണാർക്കാട് തച്ചമ്പാറയിൽ KSEB കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മണ്ണാർക്കാട് നൊട്ടമല ചീളിപാടം സ്വദേശി ബഷീർ ആണ് മരിച്ചത്. തച്ചമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരാകുറുശ്ശിയിലാണ് സംഭവം നടന്നത്. ഇന്ന് വൈകുന്നേരം 6:30ന് തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ബഷീർ കരാർ തൊഴിലാളിയാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം തുടരും. 900 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി അറിയിച്ചു. രാജ്യത്താകെ വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അറിയിപ്പ്.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്. സംസ്ഥാനത്തിന്‍റെ ആവശ്യകതയിൽ 900 മെഗാവാട്ടിന്റെ വരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ മധ്യപ്രദേശിൽ നിന്ന് ഇന്നും കടമായി വൈദ്യുതി ലഭ്യമായിട്ടുമില്ല. ഗ്രിഡ് ഫ്രീക്വൻസിയിൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ എസ് ഇ ബി അറിയിപ്പ്.
Story Highlights : kseb contract worker death
















