കൊച്ചി: എറണാകുളം മാമലയിൽ കെ റയിൽ സർവ്വേക്കല്ല് പിഴുത് തോട്ടിലെറിഞ്ഞ സംഭവത്തില്‍ മുൻ എം.എൽ.എ വി പി സജീന്ദ്രൻ, ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പടെയുള്ളവർക്കെതിരെ കേസ്. സർവേ തടസ്സപ്പെടുത്തിയ നടപടിയിൽ കണ്ടാൽ അറിയാവുന്ന 75 പേർക്കെതിരെ കേസ് എടുത്തു.
കോട്ടയം കുഴിവേലിപ്പടിയിലെ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയും പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയാണ് കേസ്. പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ കുറ്റിനാട്ടിയവർക്ക് എതിരെയും കേസ് ഉണ്ട്.
കല്ലിടാന്‍ മാമലയിലെത്തിയ സില്‍വര്‍ലൈന്‍ സര്‍വ്വേ സംഘത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഗോ ബാക്ക് വിളികളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകള്‍ പിഴുത് നാട്ടുകാര്‍ തോട്ടിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചു. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.