പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ അറിയിച്ചു. യാത്ര നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന പറയുന്നു. ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു എന്നാണ് സംഘടനയുടെ പ്രധാന ആരോപണം. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചർച്ചക്ക് പോലും സർക്കാർ തയ്യറാകുന്നില്ലെന്നും ബസ് ഉടമകള്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
പരീക്ഷാ കാലത്ത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വാർത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. നിരക്ക് വർധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് വർധിപ്പിക്കുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.